നിയ ഫൈസലിന് സാധ്യമായതെല്ലാം ചെയ്തെന്ന് എസ്എടി സൂപ്രണ്ട്
Tuesday, May 6, 2025 1:55 AM IST
തിരുവനന്തപുരം: പേവിഷബാധയേറ്റു മരിച്ച കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു.
കടിയേറ്റ ഭാഗം ഉണങ്ങിയിരുന്നു. വാക്സിന് കൃത്യമായി നല്‍കിയെന്നും ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും ഡോ. ബിന്ദു പറഞ്ഞു. എന്നാല്‍ നായയുടെ കടി ശക്തമായിരുന്നു. കുട്ടിക്ക് ആഴത്തില്‍ നായയുടെ കടിയേറ്റു.
പ്രതിരോധ വാക്സിന് എടുക്കുന്നതിനു മുന്‍പുതന്നെ വൈറസ് തലച്ചോറിനെ ബാധിച്ചു. കൈയിലും മുഖത്തും നായ കടിച്ചാല്‍ നേരിട്ട് തലച്ചോറിനെ ബാധിച്ചേക്കാം. കുഞ്ഞുങ്ങളില്‍ അതിനുള്ള സാധ്യത കൂടുതലാണ്. ഇത് വാക്സിന്റെ പരാജയം എന്നു പറയാനാവില്ല. ആന്റി ബോഡി ഫോം ചെയ്യുന്നതിനു മുന്‍പ് തലച്ചോറില്‍ വിഷബാധയെത്തി.
കഴുത്തില്‍ ആഴത്തില്‍ കടിയേറ്റവര്‍ രക്ഷപ്പെട്ട ചരിത്രമുണ്ടെന്നും ഡോ. ബിന്ദു വ്യക്തമാക്കി. വാക്സിന് വളരെ ഫലപ്രദാണെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്. തെരുവ് നായയുടെ ആക്രമണത്തിലൂടെ ഉണ്ടാകുന്ന മുറിവുകള്‍ തുന്നിക്കെട്ടി വയ്ക്കാറില്ല. ഗൈഡ്ലൈന്‍ അനുസരിച്ചുള്ള ചികിത്സാരീതിയാണ് ചെയ്തത്. കുട്ടിയുടെ അമ്മ ക്വാറന്റീനില്‍ അല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.