പ്ലസ്ടു അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി
Tuesday, May 6, 2025 1:55 AM IST
കൊച്ചി: പ്ലസ്ടു അധ്യാപകരെ സ്ഥലംമാറ്റിയ ഹയര്‍സെക്കന്‍ഡറി വകുപ്പ് ഡയറക്ടറുടെ ഉത്തരവ് കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി.
അധ്യാപകരുടെ 2025-26 വര്‍ഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിനു നടപടികള്‍ ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം, പി.കെ. കേശവന് എന്നിവരുള്‍പ്പെട്ട ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി.
വിദ്യാര്‍ഥികളുടെ കുറവു കാരണം സ്ഥലംമാറ്റം നേരിട്ടവരും ഇവരെ ഉള്‍ക്കൊള്ളിക്കാനായി വിദൂര ജില്ലകളിലേക്കു നിര്‍ബന്ധിത സ്ഥലംമാറ്റം ലഭിച്ചവരും നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ അനുവദിച്ചാണ് ഉത്തരവ്. 2023-24ലെ തസ്തിക നിര്‍ണയമനുസരിച്ച് അധികമായി കണ്ടെത്തിയ 210 അധ്യാപകരെയാണു സ്ഥലംമാറ്റിയത്.
ഇവരെ സ്വന്തം ജില്ലയിലോ സമീപ ജില്ലയിലോ പുനര്വിന്യസിക്കാനെന്ന പേരില്‍ മറ്റു നൂറിലധികം അധ്യാപകരെ വിദൂര ജില്ലകളിലേക്കു മാറ്റുകയും ചെയ്തതോടെയാണു ഡയറക്ടറുടെ ഉത്തരവ് വിവാദമായത്.
വാര്‍ഷിക പരീക്ഷാ വേളയിലായിരുന്നു സ്ഥലംമാറ്റം. പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നതിനു തൊട്ടുമുമ്പും. ഇത് അനുചിതമാണെന്നു ട്രൈബ്യൂണല്‍ വിലയിരുത്തി.
പോയവര്‍ഷത്തെ തസ്തികനിര്‍ണയ വിഷയങ്ങള്‍ മാറ്റിവച്ച്, ഹര്‍ജിക്കാര്‍ക്കും അവസരം നല്കുന്ന വിധം പൊതു സ്ഥലംമാറ്റത്തിന് നടപടി തുടങ്ങാന്‍ ബെഞ്ച് നിര്‍ദേശം നല്‍കുകയായിരുന്നു. കേന്ദ്രീകൃത ഒഴിവ് നിര്‍ണയ പ്രക്രിയ വഴിയാകണം സ്ഥലംമാറ്റമെന്നും നിര്‍ദേശിച്ചു.
പൊതു സ്ഥലംമാറ്റത്തിനു സാങ്കേതിക സഹായം നല്കാന് മാത്രം ചുമതലപ്പെടുത്തിയതാണു കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) എന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.