നീറ്റ് പരീക്ഷയ്ക്ക് വ്യാജ അഡ്മിറ്റ് കാർഡ്: അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ
Tuesday, May 6, 2025 1:55 AM IST
പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് പത്തനംതിട്ട നഗരത്തിലെ സെന്ററില്‍ എത്തിയ വിദ്യാര്‍ഥിക്കുവേണ്ടി വ്യാജ അഡ്മിറ്റ് കാർഡ് നിർമിച്ചതിനു നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെ ജീവനക്കാരി അറസ്റ്റിൽ.
പരീക്ഷാ കോ-ഓര്‍ഡിനേറ്ററുടെ പരാതി പ്രകാരം പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ സെന്ററിലെ ജീവനക്കാരി ഗ്രീഷ്മയെ ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരം പത്തനംതിട്ടയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
നെയ്യാറ്റിന്‍കരയില്‍ സത്യദാസ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരിയാണ് ഗ്രീഷ്മ. കഴിഞ്ഞമൂന്നുമാസമായി ഇവര്‍ ഇവിടെ ജോലി ക്കാരിയണ്. ഉച്ചകഴിഞ്ഞ് പത്തനംതിട്ടയിലെത്തിച്ച ഗ്രീഷ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച പത്തനംതിട്ടയില്‍ പരീക്ഷ എഴുതാനെത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്ന അഡ്മിറ്റ് കാര്‍ഡിലാണ് കൃത്രിമത്വം കണ്ടെത്തിയത്.
പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്എസ്എസ് എന്നാണ് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രം രേഖപ്പെടുത്തിയിരുന്നത്. തൈക്കാവ് ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് എച്ച്എസ്എസ് മാത്രമാണ് പത്തനംതിട്ട നഗരത്തില്‍ നീറ്റ് പരീക്ഷാകേന്ദ്രമായുണ്ടായിരുന്നത്.
സെന്റര്‍ രേഖപ്പെടുത്തിയതു തെറ്റിപ്പോയതാകാമെന്ന പേരില്‍ ഗവ. എച്ച്എസ്എസില്‍ പരീക്ഷയ്ക്കെത്തിയപ്പോൾ തന്നെ അഡ്മിറ്റ് കാര്‍ഡില്‍ തിരിമറി സംശയിച്ച് പരീക്ഷാ കേന്ദ്രം നടത്തിപ്പുകാര്‍ നീറ്റ് പരീക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
അഡ്മിറ്റ് കാര്‍ഡിന്റെ മുകള്‍ ഭാഗത്ത് വിദ്യാർഥിയുടെ പേര്, അമ്മയുടെ പേര്, ജനനത്തീയതി തുടങ്ങിയവയുണ്ടായിരുന്നു. സാങ്കേതിക പിഴവാകാമെന്നു കരുതി ഈ വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചു.
ഹാജരാകാത്ത മറ്റൊരു വിദ്യാർഥിയുടെ സീറ്റാണ് അനുവദിച്ചത്. ഇതേ സമയം കാർഡിന്റെ വിശദമായ പരിശോധന നീറ്റ് ഉദ്യോഗസ്ഥർ നടത്തി. താഴെയുള്ള സെല്‍ഫ് ഡിക്ളറേഷന് ഭാഗത്ത് തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ വിദ്യാര്‍ഥിയുടെ പേരും വിലാസവുമാണുണ്ടായിരുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നോടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ നിര്‍ദേശിച്ചതു പ്രകാരം വിദ്യാർഥിയെ പരീക്ഷ എഴുതുന്നത് വിലക്കി. തുടര്‍ന്ന് പോലീസിനു പരാതി കൈമാറി. പറശാല സ്വദേശി ഉപയോഗിച്ച അഡ്മിറ്റ് കാര്‍ഡ് വ്യാജമെന്നു പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസ് കണ്ടെത്തിയതോടെ അന്വേഷണം വിപുലപ്പെടുത്തി.
ഇന്നലെ രാവിലെ തന്നെ അക്ഷയ കേന്ദ്രം സീൽ ചെയ്തു. തുടർന്ന് ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ അവരുമായി അക്ഷയ കേന്ദ്രത്തിലെത്തി തെളിവെടുത്തു. കംപ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കം കസ്റ്റഡിയിലെടുത്തു. പരീക്ഷയ്ക്കെത്തിയ പാറശാല സ്വദേശി അപേക്ഷ നല്കാന് സമീപിച്ചത് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തെയാണ്. വിവരങ്ങളും പണവും ഗ്രീഷ്മയെ ഏല്പിച്ചിരുന്നു.
എന്നാല്‍ അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്ന് ഗ്രീഷ്മ പറഞ്ഞു. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്ന സമയമായപ്പോഴേക്കും വിദ്യാർഥിയുടെ മാതാവ് ഇതിനായി ഗ്രീഷ്മയെ സമീപിച്ചു. തനിക്കു പറ്റിയ പിഴവ് മറച്ചുപിടിച്ച് മറ്റൊരു അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതിൽ തിരുത്തലുകൾ വരുത്തി ഫോട്ടോയും പതിച്ച് നൽകുകയായിരുന്നു. വാട്സ്ആപ്പിലൂടെ ലഭിച്ച അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത് കുട്ടി പരീക്ഷയ്ക്ക് ഹാജരാകുകയായിരുന്നു.
പത്തനംതിട്ട വിദൂരത്തായതിനാൽ കുട്ടി പരീക്ഷയ്ക്കു പോകില്ലെന്നാണ് ധരിച്ചിരുന്നതെന്നാണ് ഗ്രീഷ്മ പോലീസിനോടു പറഞ്ഞു. ഉപയോഗിച്ച അഡ്മിറ്റ് കാര്‍ഡിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തപ്പോള്‍ മറ്റൊരു പേരാണ് തെളിഞ്ഞുവന്നത്. ഈ വിദ്യാര്‍ഥിയാകട്ടെ തിരുവനനന്തപുരത്തു പരീക്ഷ എഴുതുകയും ചെയ്തു. പരീക്ഷാഹാളിൽ നിന്നും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ നിരപരാധിയെന്നു കണ്ട് പോലീസ് വിട്ടയച്ചു.
കേസിൽ വിശദമായ അന്വേഷണം തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു.