ഇടുക്കിയിൽ വേടന്റെ റാപ്പ് ഷോ
Tuesday, May 6, 2025 12:19 AM IST
ചെറുതോണി: ആവേശത്തിരയിളക്കി ഇടുക്കിയിൽ വേടന്റെ റാപ്പ് ഷോ. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനായിൽ ഒരുക്കിയ പ്രദർശന- വിപണനമേളയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഹിരണ്ദാസ് മുരളിയെന്ന വേടന്റെ റാപ്പ് ഷോ ആരങ്ങേറിയത്.
ഇന്നലെ രാത്രി 7.30-ഓടെ എത്തിയ വേടനെ കാണുന്നതിനും ഷോ ആസ്വദിക്കുന്നതിനുമായി മണിക്കൂറുകൾക്കു മുന്പേ ആളുകൾ സ്റ്റേഡിയത്തിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ 29നാണ് പ്രദർശന വിപണനമേള ആരംഭിച്ചത്.
അന്നു നടത്താനിരുന്ന സംഗീതനിശ വേടൻ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതോടെ റദ്ദാക്കുകയായിരുന്നു.കേസിൽ നിന്നും ഒഴിവാക്കിയതോടെയാണ് പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചത്. ഷോ ആസ്വദിക്കാൻ ആരാധകർ ഒഴുകിയെത്തുമെന്ന റിപ്പോർട്ടിനെ തുടർന്നു പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
8,000 പേരെ മാത്രമേ മൈതാനിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് നേരത്തേ അറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നു മണിക്കൂറുകൾക്കു മുന്പേ ആളുകൾ മൈതാനിയിൽ ഇടം പിടിച്ചു. വൈകുന്നേരം ആറോടെ മേള നഗരിക്കു സമീപമുള്ള പാർക്കിംഗ് ഏരിയയും റോഡുകളും വാഹനങ്ങളാൽ നിറഞ്ഞു.
തുടർന്ന് ചെറുതോണിയിൽ നിന്ന് വാഴത്തോപ്പിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മേള നഗരിയിലേക്ക് എത്താൻകഴിയുന്ന മറ്റ് റോഡുകളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നതും തടഞ്ഞു.
ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ 250-ഓളം പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനപാലനത്തിനായി ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമെ എക്സൈസ് വകുപ്പും നിരീക്ഷണവുമായി രംഗത്തുണ്ട ായിരുന്നു.
ജില്ലയ്ക്കു പുറത്തുനിന്നും ധാരാളം പേർ പരിപാടി ആസ്വദിക്കാനെത്തിയിരുന്നു. നിരവധിപേർക്ക് മൈതാനിയിൽ പ്രവേശിക്കാനാവാതെ നിരാശരായി മടങ്ങേണ്ടണ്ടി വരികയും ചെയ്തു.
’’എന്റെ ചില കാര്യങ്ങൾ ആരും അനുകരിക്കരുത്”
തന്റെ ചില കാര്യങ്ങൾ ആരും അനുകരിക്കരുതെന്ന് ആരാധകരെ ഉപദേശിച്ച് വേടൻ. തനിയെ വളർന്ന തന്നെ ഉപദേശിക്കാൻ ആരുമില്ലായിരുന്നു. വേദി ഒരുക്കിയ സർക്കാരിനു നന്ദിപറയുന്നതായും വേടൻ പറഞ്ഞു.
കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് വേടൻ വേദിയിൽ പ്രത്യക്ഷപ്പെടുന്നത്. സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ചു നടത്തിയ എന്റെ കേരളം പ്രദർശനവിപണന മേളയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ റാപ്പ് സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം.