സുധാകരൻ മാറിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിൽ അടി തുടരും: എം.വി. ഗോവിന്ദൻ
Tuesday, May 6, 2025 1:55 AM IST
തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിൽ അടി തുടരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കോണ്‍ഗ്രസിൽ ഇപ്പോൾ വലിയ പൊട്ടിത്തെറിയാണു നടക്കുന്നത്. ഇനി 2026 കഴിഞ്ഞാലും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. ഇവരുടെ തമ്മിലടി മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കെ. മുരളീധരനെപ്പോലുള്ള നേതാക്കൾ അനാവശ്യം പറയുന്നതെന്നും മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കു ക്ഷണിച്ചതാണ്. അത്തരം കാര്യങ്ങൾ ഇനിയുമുണ്ടാകുമെന്നും വിവാദത്തിനായി ഓരോ കാര്യങ്ങൾ മാധ്യമങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.