കത്തോലിക്ക കോണ്‍ഗ്രസ് അന്താരാഷ്ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും
Tuesday, May 6, 2025 12:19 AM IST
കൊച്ചി : കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികം 17,18 തീയതികളില്‍ പാലക്കാട് നടത്തും. 18ന് മഹാസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനംചെയ്യും. ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തില്‍ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും.
17ന് താമരശേരി രൂപതയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ നിന്നും പതാകപ്രയാണവും തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പാലയൂരില്‍ നിന്ന് തോമാശ്ലീഹായുടെ ഛായാചിത്രപ്രയാണവും നടക്കും. പ്രയാണങ്ങള്‍ വൈകുന്നേരം അഞ്ചിന് പാലക്കാട് കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേരുന്പോൾ പതാക ഉയര്‍ത്തും.
18ന് രാവിലെ 10ന് കേന്ദ്ര പ്രതിനിധി സഭാ സമ്മേളനം മുണ്ടൂര്‍ യുവക്ഷേത്രയില്‍ നടക്കും.44 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളില്‍ നിന്നുള്ള ഭാരവാഹികളും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2.30ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അവകാശ പ്രഖ്യാപന റാലി പാലക്കാട് കോട്ട മൈതാനത്തുനിന്നാരംഭിച്ച് ടൗണിലൂടെ പാലക്കാട് സെന്റ് റാഫേല്‍ കത്തീഡ്രല്‍ പള്ളി അങ്കണത്തിലെ സമ്മേളനവേദിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന അന്തരാഷ്ട്ര സമുദായ സമ്മേളനത്തില്‍ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സാമൂഹ്യ രാഷ്ട്രീയ അവകാശങ്ങള്‍ പ്രഖ്യാപിക്കും.