"തെറ്റുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കേണ്ടതില്ല'; മണിപ്പുർ കലാപത്തിൽ സുപ്രീംകോടതി നിരീക്ഷണം
Tuesday, May 6, 2025 1:55 AM IST
സനു സിറിയക്
ന്യൂഡൽഹി: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് തെറ്റുകളിൽ ഉൾപ്പെട്ട ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി.
കലാപവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ പങ്ക് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരേ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹർജിക്കാരുടെ വിശ്വാസ്യത കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യം ചെയ്തതോടെ ഹർജിക്കാരെ അവഗണിക്കാമെന്നും എന്നാൽ, തെറ്റുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരാമർശിക്കുകയായിരുന്നു.
കലാപത്തിന് ആഹ്വാനം നൽകിയെന്ന് ആരോപിക്കുന്ന ബിരേൻ സിംഗിന്റെ ശബ്ദരേഖ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് കോടതി ഇന്നലെ വാദംകേൾക്കലിനിടയിൽ പരിശോധിച്ചു. നേരത്തേ സ്വകാര്യലാബിൽ പരിശോധിച്ച ശബ്ദ രേഖ 93 ശതമാനവും ശരിയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സ്വകാര്യലാബ് റിപ്പോർട്ടിന്റെ വിശ്വാസ്യത കേന്ദ്ര സർക്കാർ ചോദ്യം ചെയ്തതോടെയാണ് സെൻട്രൽ ഫോറൻസിക് ലാബിൽ ശബ്ദരേഖ പരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഇന്നലെ കേസ് പരിഗണിക്കുന്പോൾ മുദ്ര വച്ച കവറിൽ സെൻട്രൽ ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ ഉള്ളടക്കം സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ, താൻ അത് പരിശോധിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് റിപ്പോർട്ട് പരിശോധിച്ച ബെഞ്ച്, പുനഃപരിശോധന നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാരിൽനിന്ന് സ്വീകരിക്കാനും മേത്തയോട് കോടതി നിർദേശിച്ചു. റിപ്പോർട്ടിന്റെ ഉള്ളടക്കം കോടതി പുറത്തുവിട്ടിട്ടില്ല. വ്യക്തതക്കുറവുള്ളതിനാലാകാം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടതെന്നാണ് സംശയിക്കുന്നത്.
ജൂലൈ 21ന് കേസ് വീണ്ടും പരിഗണിക്കും. നിലവിലെ അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്തയാഴ്ച വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ബെഞ്ചായിരിക്കും കേസിൽ വാദം കേൾക്കുക.
അതേസമയം, നിലവിൽ ബിരേൻ സിംഗിനെതിരേ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. പോലീസാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ ഈ ആവശ്യം ഉന്നയിച്ചത്.
നിലവിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണെന്നും അതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടാമെന്ന് ഹർജിക്കാരുടെ ആശങ്ക പരിഹരിക്കപ്പെടുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.