പ്ലേ ഓഫ് കാണാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്ത്
Tuesday, May 6, 2025 12:52 AM IST
ഹൈദരാബാദ്: മിന്നല്‍പ്പിണര്‍ ബൗളിംഗുമായി പാറ്റ് കമ്മിന്‍സും സംഘവും പിച്ചില്‍ തീപടര്‍ത്തിയപ്പോള്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്കോര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133ല്‍ ഒതുങ്ങി. എന്നാല്‍, മിന്നല്പ്പിണറിനുശേഷം മഴയെത്തിയതോടെ കമ്മിന്‍സിന്റെ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ചേസിംഗിനായി ക്രീസിലെത്താന്‍ സാധിച്ചില്ല.
ഹൈദരാബാദ് ഔട്ട്
മഴയെത്തുടർന്ന് മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചതോടെ 2025 ഐപിഎൽ സീസണിൽ പ്ലേ ഓഫ് കാണാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്ത്. 11 മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റാണ് ഹൈദരാബാദ് ടീമിന്റെ സന്പാദ്യം. ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ ജയം സ്വന്തമാക്കിയാൽപോലും ആദ്യ നാലു സ്ഥാനത്തിനുള്ളിൽ ഇടം പിടിക്കാൻ സണ്‍റൈസേഴ്സ് ഹൈദരാബാദിനു സാധിക്കില്ല.
ചെന്നൈ, രാജസ്ഥാൻ എന്നിവര്‍ക്കു പിന്നാലെ പുറത്താകുന്ന മൂന്നാമതു ടീമാണ് ഹൈദരാബാദ്. അതേസമയം, 11 മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തു തുടരുന്ന ഡൽഹി ക്യാപ്പിറ്റൽസ് പ്ലേഓഫ് സാധ്യത സജീവമായി നിലനിർത്തി.
പവര്‍പ്ലേ പാറ്റി
ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ത്തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കരുണ്‍ നായറിനെ (0) വിക്കറ്റിനു പിന്നില്‍ ഇഷാന് കിഷന്റെ കൈകളിലെത്തിച്ച് പാറ്റ് കമ്മിന്‍സ് തീതുപ്പി.
തന്റെ രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഫാഫ് ഡുപ്ലെസിയെയും (3) കമ്മിന്‍സ് മടക്കി. ഇഷാന് കിഷനായിരുന്നു ക്യാച്ച്. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ അഭിഷേക് പോറലിനെയും (8) ഇഷാന് കിഷന്റെ കൈകളില്‍ പാറ്റി എത്തിച്ചു. അതോടെ 4.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന ദയനീയ അവസ്ഥയിലായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്.
ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും കമ്മിന്‍സ് ഇതോടെ സ്വന്തമാക്കി. അക്സര്‍ പട്ടേലും (6), കെ.എല്‍. രാഹുലും (10) തലതാഴ്ത്തി മടങ്ങിയപ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 7.1 ഓവറില്‍ 29/5.
സ്റ്റബ്സ്, അശുതോഷ്
ട്രിസ്റ്റണ്‍ സ്റ്റബ്സും അശുതോഷ് ശര്‍മയും നടത്തിയ പോരാട്ടമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്കോര്‍ 133ല്‍ എത്തിച്ചത്. സ്റ്റബ്സ് 36 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. അശുതോഷ് 26 പന്തില്‍ 41 റണ്‍സ് നേടി. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
സച്ചിന് ബേബി അരങ്ങേറി

ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മലയാളി താരം സച്ചിന് ബേബി അരങ്ങേറി. ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ മത്സരത്തില്‍ കേരള ക്യാപ്റ്റന്‍ സണ്‍റൈസേഴ്സിന്റെ പ്ലേയിംഗ് ഇലവനില്‍ ഇടംനേടി. ഫീല്‍ഡിംഗില്‍ മിന്നും പ്രകടനമായിരുന്നു സച്ചിന് ബേബി ഇന്നലെ പുറത്തെടുത്തത്.
തൊടുപുഴക്കാരനായ സച്ചിന് ബേബി കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 പോരാട്ടത്തില്‍ കൊല്ലം സെയ്ലേഴ്സിനായി സെഞ്ചുറി നേടിയിരുന്നു. രഞ്ജി ട്രോഫിയില്‍ സച്ചിന്റെ കീഴില്‍ കേരളം ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിച്ചതും 2024-25 സീസണില്‍.
2025 ഐപിഎല്ലില്‍ സഞ്ജു സാംസണ് (രാജസ്ഥാന്), വിഘ്നേഷ് പുത്തൂര്‍ (മുംബൈ ഇന്ത്യന്‍സ്), വിഷ്ണു വിനോദ് (പഞ്ചാബ് കിംഗ്സ്) എന്നിവര്‍ക്കൊപ്പം വിവിധ ടീമുകളിലായി ഇടം നേടിയ നാലാമതു മലയാളി താരമാണ് സച്ചിന് ബേബി.
ഇതില്‍ വിഷ്ണു വിനോദിന് ഇതുവരെ കളത്തില്‍ എത്താന്‍ അവസരം ലഭിച്ചില്ല. 2013ല്‍ രാജസ്ഥാന് റോയല്‍സിന്റെ ഭാഗമായിരുന്നു സച്ചിന് ബേബി. 2016 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി കളിച്ചിരുന്നു. ഐപിഎല്ലില്‍ സച്ചിന്റെ 20-ാം മത്സരമായിരുന്നു ഇന്നലത്തേത്.