അൽകട്രാസ് തടവറ വീണ്ടും തുറക്കാൻ ട്രംപിന്റെ ഉത്തരവ്
Tuesday, May 6, 2025 12:52 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കുപ്രസിദ്ധമായ അൽകട്രാസ് ജയിൽ വീണ്ടും തുറക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. കലിഫോർണിയ സംസ്ഥാനത്ത് സാൻഫ്രാൻസിസ്കോ ബേയിലെ ചെറുദ്വീപിൽ സ്ഥിതി ചെയ്തിരുന്ന തടവറ 1963 ൽ പൂട്ടിയതാണ്.
പുനർനിർമിച്ച് വീണ്ടും തുറക്കാനാണു ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺ ഏജൻസിയോട് ട്രംപ് നിർദേശിച്ചത്. കൊടുംകുറ്റവാളികളെ ജനങ്ങളിൽനിന്ന് അകറ്റിനിർത്താൻ തടവറ ഉപകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും സുരക്ഷിത ജയിലെന്നാണ് അൽകട്രാസ് അറിയിപ്പെട്ടിരുന്നത്. അധോലോക നായകൻ അൽ കപ്പോണെയെപ്പോലുള്ള കൊടും കുറ്റവാളികളെ ഇവിടെയാണ് തടവിലിട്ടിരുന്നത്.
ശക്തമായ ഒഴുക്കും കൊടും തണുപ്പുമുള്ള സമുദ്രത്താൽ ചുറ്റപ്പെട്ട തടവറയിൽനിന്ന് ആരും രക്ഷപ്പെട്ടതായി ചരിത്രമില്ല. ഒരിക്കൽ കാണാതായ അഞ്ചു തടവുകാർ മുങ്ങിമരിച്ചതായി കരുതുന്നു. നടത്തിപ്പ് ചെലവ് അധികമായതിനാലാണു തടവറ പൂട്ടിയത്.
ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന സ്ഥലമാണ് അൽകട്രാസ് തടവറ.