ജാതി സെൻസസ്: നിർദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തെഴുതി ഖാർഗെ
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: ജാതി സെൻസസിൽ കേന്ദ്രം പരിഗണനയ്ക്കെടുക്കേണ്ട നിർദേശങ്ങളുടെ ശിപാർശയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ജാതി സെൻസസിനെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒരു പ്രക്രിയയായി കാണരുതെന്നും വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തണമെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെടുന്നു.
ജാതി സെൻസസിനെക്കുറിച്ചുള്ള സുപ്രധാന നിർദേശങ്ങൾ അടങ്ങിയിരിക്കുന്ന കത്തിൽ പിന്നാക്ക, പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങളുടെ സംവരണത്തിനായുള്ള 50 ശതമാനം പരിധി എടുത്തുകളയണമെന്നും ദേശീയ സെൻസസിൽ തെലുങ്കാന മാതൃക നടപ്പിലാക്കണമെന്നും മോദിയോട് ഖാർഗെ ശിപാർശ ചെയ്യുന്നു.
ജാതി സെൻസസിൽ ചോദ്യാവലിയുടെ പ്രാധാന്യം വ്യക്തമാക്കിയ ഖാർഗെ, ചോദ്യാവലിയുടെ അന്തിമരൂപം തയാറാക്കുന്നതിനുള്ള രീതിശാസ്ത്രത്തിലും ചോദ്യങ്ങളുടെ അന്തിമരൂപത്തിലും കേന്ദ്രസർക്കാർ തെലുങ്കാന മാതൃക കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
സെൻസസിനുശേഷം പുറത്തുവിടുന്ന വിവരങ്ങളിൽ ഒന്നും മറച്ചുവയ്ക്കരുത്. എല്ലാ ജാതികളുടെയും പൂർണമായ സാമൂഹിക, സാന്പത്തിക വിവരങ്ങൾ പുറത്തുവിട്ടാൽ മാത്രമേ ഭരണഘടനാപരമായ അവകാശങ്ങൾ അവർക്ക് ഉറപ്പാക്കാൻ കഴിയൂ.
ഭരണഘടനയുടെ ഒന്പതാം ഷെഡ്യൂളിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് തമിഴ്നാട് സംവരണ നിയമങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ, മറ്റു സംസ്ഥാനങ്ങളുടെ നിയമങ്ങളും ഒന്പതാം ഷെഡ്യൂളിൽ ഉൾക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നാക്ക, പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 15 (5) നടപ്പിലാക്കണം. ജാതി സെൻസസിനായുള്ള ആവശ്യങ്ങൾ കോണ്ഗ്രസ് ഉയർത്തിയപ്പോഴെല്ലാം താങ്കളും താങ്കളുടെ പാർട്ടി നേതാക്കളും കോണ്ഗ്രസിനെ കടന്നാക്രമിച്ചിട്ടുണ്ടെന്ന് മോദിക്കുള്ള കത്തിൽ ഖാർഗെ സൂചിപ്പിച്ചിട്ടുണ്ട്.
ജാതി സെൻസസ് നടത്തണമെന്ന ആവശ്യവുമായി 2023 ഏപ്രിൽ 16ന് താങ്കൾക്ക് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി.