മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ ശിപാർശകൾ നടപ്പാക്കണമെന്ന് സുപ്രീംകോടതി
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശകൾ നടപ്പാക്കാൻ കേരളത്തോടും തമിഴ്നാടിനോടും നിർദേശിച്ച് സുപ്രീംകോടതി.
ഇതുസംബന്ധിച്ച് ഇരു സർക്കാരുകൾക്കും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ നേരത്തേ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഈ അനുമതിക്കായി തമിഴ്നാട് കേന്ദ്രത്തിന് വീണ്ടും അപേക്ഷ നൽകണമെന്നും ഇത്തരത്തിൽ തമിഴ്നാട് അപേക്ഷ നൽകുന്പോൾ നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ കേരളം വേഗത്തിലാക്കണമെന്നുമുള്ള നിർദേശങ്ങളായിരുന്നു മേൽനോട്ട സമിതിയുടെ ശിപാർശയിൽ ഉണ്ടായിരുന്നത്.
അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കേരളം തടസം നിൽക്കുകയുമാണെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചത്.
അണക്കെട്ട് സംരക്ഷിക്കാൻ തമിഴ്നാട് താത്പര്യം കാണിച്ചിട്ടില്ലെന്നും പകരം അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനാണു പ്രാധാന്യം നൽകിയതെന്നും കേരളം ചൂണ്ടിക്കാട്ടി.
ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി ഉദ്യോഗസ്ഥതലത്തിൽ വീഴ്ചകൾ വരുത്താൻ പാടില്ലെന്നും മേൽനോട്ട സമിതിയുടെ ശിപാർശകൾ നടപ്പാക്കണമെന്നും ഉത്തരവിട്ടു. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും.