ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി/ലണ്ടൻ: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുന്നു. ചരിത്രപരമായ കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുമായി ടെലിഫോണിൽ സംസാരിച്ചുവെന്നു മോദി എക്സിൽ വ്യക്തമാക്കി. കരാറിൽ ഒപ്പിടാൻ സ്റ്റാർമർ ഉടൻ ഇന്ത്യയിലെത്തുമെന്നാണു റിപ്പോർട്ട്.
ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും സാന്പത്തികശക്തികൾ മൂന്നു വർഷം നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുന്നത്. കരാർ പ്രകാരം 99 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും യുകെ വിപണിയിൽ തീരുവ ഉണ്ടാകില്ല.
സ്വതന്ത്ര വ്യാപാരക്കരാർ നിലവിൽ വരുന്നത് ഇന്ത്യയിൽനിന്നുള്ള ലെതർ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിക്കു ഗുണകരമാകും. ബ്രിട്ടീഷ് സ്കോച്ച് വിസ്കിക്കും കാറുകൾക്കും ഇന്ത്യയിൽ വില കുറയും.
യുകെ വിസ്കിക്കും ജിന്നിനുമുള്ള തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറയും. കരാറിന്റെ പത്താം വർഷം തീരുവ 40 ശതമാനമായി വീണ്ടും കുറയും. ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ തീരുവ 100 ശതമാനത്തിൽനിന്നു പത്തു ശതമാനമായി കുറയും.
ഇന്ത്യയിൽനിന്നു യുകെയിലേക്കു കയറ്റുമതി ചെയ്യുന്ന ധാതുക്കൾ, കെമിക്കൽസ്, ആഭരണങ്ങൾ, പ്ലാസ്റ്റിക്, റബർ, തടി, പേപ്പർ, ടെക്സ്റ്റൈൽ, ഗ്ലാസ്, സെറാമിക്, ബേസ് മെറ്റൽസ്, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ മെഷിനറി, ഫർണിച്ചർ, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവയ്ക്ക് തീരുവ ഉണ്ടാകില്ല.