രാഷ്ട്രപതി ദ്രൗപദി മുർമു 19ന് ശബരിമല സന്ദർശിക്കും
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 19 ന് ശബരിമല സന്ദർശിക്കും. രണ്ടു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി 18ന് എത്തുന്ന രാഷ്ട്രപതി കോട്ടയത്ത് നടക്കുന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷമായിരിക്കും 19ന് ശബരിമല അയ്യപ്പക്ഷേത്രം സന്ദർശിക്കുക.
നിലയ്ക്കലിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയശേഷം അവിടെനിന്നായിരിക്കും സന്നിധാനത്ത് എത്തുക. രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ആയിരിക്കും യാത്ര സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
പദവിയിലിരിക്കെ ആദ്യമായി ശബരിമല സന്ദർശിക്കുന്ന രാഷ്ട്രപതിയായിരിക്കും മുർമു. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം രാഷ്ട്രപതിഭവനിൽനിന്നു ലഭിച്ചുകഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും ദേവസം ബോർഡ് അറിയിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് 18,19 തീയതികളിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. ഈ ദിവസങ്ങളിൽ വെർച്വൽ ക്യൂ ടിക്കറ്റ് സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.