അപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സാ പദ്ധതി: വിജ്ഞാപനമിറക്കി കേന്ദ്രം
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. റോഡപകടങ്ങളിൽ ഇരയാകുന്നവർക്ക് അപകടമുണ്ടായി ഏഴു ദിവസത്തിനുള്ളിൽ അംഗീകൃത ആശുപത്രികളിൽനിന്ന് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാസഹായം സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി.
"ദി ഗസറ്റ് ഓഫ് ഇന്ത്യ’യിലെ വിജ്ഞാപനത്തിൽ പദ്ധതി മേയ് 5 മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് വ്യക്തമാക്കുന്നു.
കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതു മൂലമുണ്ടാകുന്ന റോഡപകട മരണനിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ ദേശീയ ആരോഗ്യ അഥോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുക.
രാജ്യത്തെ റോഡുകളിൽ മോട്ടോർ വാഹന ഉപയോഗം മൂലം അപകടത്തിനിരയാകുന്ന ഏതൊരു വ്യക്തിയും പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ച് പണരഹിത ചികിത്സാപദ്ധതിക്ക് അർഹരാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
ദേശീയ ആരോഗ്യ അഥോറിറ്റിയുടെ കീഴിൽ സംസ്ഥാന സർക്കാർ തെരഞ്ഞെടുക്കുന്ന അംഗീകൃത ആശുപത്രികളിലാണു പണരഹിത ചികിത്സാപദ്ധതി ലഭ്യമാക്കുക. പദ്ധതിപ്രകാരം അംഗീകൃത ആശുപത്രികളിലല്ലാത്ത ചികിത്സ സ്റ്റെബിലൈസേഷനുവേണ്ടി മാത്രമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
റോഡപകടത്തിലെ ഇരകൾക്കു ട്രോമ, പോളിട്രോമ പരിചരണം നൽകാൻ കഴിയുന്ന എല്ലാ ആശുപത്രികളെയും പദ്ധതിയിലെ അംഗീകൃത ആശുപത്രികളായി തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാരുകൾ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്രനിർദേശമുണ്ട്.
സംസ്ഥാന റോഡ് സുരക്ഷാ കൗണ്സിലുകളായിരിക്കും അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തിലും പദ്ധതി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ വർഷം ജനുവരിയിലാണു പ്രഖ്യാപിച്ചത്.