എ. രാജ എംഎൽഎയ്ക്കു തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച സിപിഎം സ്ഥാനാർഥി എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി ഉത്തരവിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, അഹ്സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിച്ചതോടെ രാജ എംഎൽഎയായി തുടരും.
രാജയ്ക്കെതിരേ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ നിയമസഭാ സാമാജികനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.
പട്ടികജാതി-പട്ടികവർഗ സമുദായത്തിന് സംവരണം ചെയ്ത സീറ്റിലാണ് ക്രൈസ്തവ വിശ്വാസിയായ രാജ മത്സരിച്ചതെന്നും അതിനാൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം സ്ഥാനക്കാരനായ കോണ്ഗ്രസ് സ്ഥാനാർഥി ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.