ജാതിസംവരണത്തെ ട്രെയിൻ കംപാർട്ട്മെന്റിനോട് ഉപമിച്ച് സുപ്രീംകോടതി ജഡ്ജി
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: രാജ്യത്തെ ജാതിസംവരണം ട്രെയിൻ കംപാർട്ട്മെന്റ് പോലെയാണെന്നും നേരത്തേ ഇരിപ്പിടമുറപ്പിച്ചവർക്ക് മറ്റുള്ളവർ കംപാർട്ട്മെന്റിൽ കയറരുതെന്നാണ് ആഗ്രഹമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത്.
മഹാരാഷ്ട്ര പ്രാദേശിക തെരഞ്ഞെടുപ്പിൽ മറ്റു പിന്നാക്കവിഭാഗങ്ങളുടെ (ഒബിസി) സംവരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.
രാഷ്ട്രീയമായും സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ആളുകൾ സമൂഹത്തിലുണ്ടെന്നും അവർക്ക് എന്തുകൊണ്ട് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കരുതെന്നും ജഡ്ജി ചോദിച്ചു. സംവരണത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ കൂടുതൽ വിഭാഗങ്ങളെ തിരിച്ചറിയാൻ ബാധ്യസ്ഥരാണെന്നും ജഡ്ജി നിരീക്ഷിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ഒബിസി സംവരണത്തിനെതിരേയുള്ള നിയമയുദ്ധം ദീർഘകാലമായി നീളുന്നതിനാൽ മഹാരാഷ്ട്രയിൽ അവസാനമായി പ്രാദേശിക തെരഞ്ഞെടുപ്പു നടന്നത് 2016-17ലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഒബിസി സംവരണത്തിനെതിരേയുള്ള ഹർജിയിൽ ജഡ്ജിയുടെ പരാമർശം.
ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം ഉറപ്പാക്കി മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് 2021ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ നിയോഗിക്കപ്പെട്ട ജെ.കെ. ബാന്തിയ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടും അതിലെ ശിപാർശകളും നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചതു മൂലമാണ് 2022ൽ നടക്കേണ്ട പ്രാദേശിക തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീളാനും കാരണമായത്.
ഒബിസി സംവരണവിഷയം മൂലം പ്രാദേശിക തെരഞ്ഞെടുപ്പ് ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി നാലാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്.