മുൻ ഗവർണർക്കെതിരായ ഹർജി പിൻവലിക്കുന്നതായി കേരളം
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്ത മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ ആഗ്രഹിക്കുന്നതായി കേരളം സുപ്രീംകോടതിയിൽ.
നിലവിൽ അനുമതി കാത്തുകിടക്കുന്ന ബില്ലുകൾ ഗവർണറുടെ മുന്പിലില്ലെന്നും അതിനാൽ തങ്ങളുടെ ഹർജികൾ ഫലശൂന്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇവ പിൻവലിക്കാനുള്ള അനുമതി തേടിയത്.
എന്നാൽ, ഹർജി പിൻവലിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തു. ഭരണഘടനാ പ്രശ്നങ്ങളാണു കേരളം ഉന്നയിച്ചതെന്നും അതിനാൽ ഇത്തരം വിഷയങ്ങൾ നിസാരമായി ഫയൽ ചെയ്യാനും പിൻവലിക്കാനും സാധിക്കില്ലെന്നും വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് മുന്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഹർജി പിൻവലിക്കാനുള്ള കക്ഷികളുടെ അവകാശത്തെ കേന്ദ്രം എന്തുകൊണ്ടാണ് എതിർക്കുന്നതെന്നും പിൻവലിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും സംസ്ഥാനം വാദിച്ചു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ഹർജി പിൻവലിക്കുന്നതു സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാൻ അടുത്ത ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിച്ചതിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരേയുള്ള സുപ്രീംകോടതിയുടെ മുൻകാല ഉത്തരവ് തങ്ങളുടെ ഹർജിക്കും ബാധകമാണെന്നാണ് കേരളത്തിന്റെ വാദം.
ഇരു ഹർജികളിലും ഉന്നയിക്കുന്ന വിഷയം സമാന സ്വഭാവമുള്ളതാണെന്നും കേരളം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവിൽ കേന്ദ്രസർക്കാരിനു തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കേരളത്തിന്റെ ഹർജിയിൽ കൂടുതൽ വാദം നടത്താനാണു കേന്ദ്രം ശ്രമിക്കുന്നത്.
ഭരണഘടനാ വിഷയമായതിനാൽ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. ഗവർണർക്കെതിരായ സുപ്രീംകോടതിയുടെ മുൻ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യവും കേന്ദ്രം പരിശോധിക്കുന്നുണ്ട്.