സൂപ്പർ ത്രില്ലറിൽ ഗുജറാത്ത് ടൈറ്റൻസിനു മൂന്നു വിക്കറ്റ് ജയം
Wednesday, May 7, 2025 1:25 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും മഴയെത്തിയെങ്കിലും മത്സരം നനഞ്ഞൊലിച്ചില്ല. ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ടൈറ്റൻസ് മൂന്നു വിക്കറ്റിനു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു.
156 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് 14 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 107 റൺസിൽ നിൽക്കുന്പോഴായിരുന്നു ആദ്യം മഴ എത്തിയത്. മത്സരം വീണ്ടും ആരംഭിച്ചെങ്കിലും 18 ഓവറിൽ 132/6 എന്ന നിലയിൽ ഗുജറാത്ത് നിൽക്കുന്പോൾ വീണ്ടും മഴയെത്തി.
മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിന് അപ്പോൾ ജയിക്കാൻ 137 റൺസ് വേണ്ടിയിരുന്നു. എന്നാൽ, അർധരാത്രി 12.30ന് ഗുജറാത്തിന്റെ ലക്ഷ്യം ഒരു ഓവറിൽ 15 റൺസാക്കി നിശ്ചയിക്കപ്പെട്ടു. ദീപക് ചാഹർ എറിഞ്ഞ മഴ നിയമത്തിലെ "സൂപ്പർ ഓവറിൽ' ഗുജറാത്ത് ജയം സ്വന്തമാക്കി.
ജാക്സ്, സൂര്യകുമാര്‍; ബാക്കി ഒരക്കം
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍മാരായ റയാന് റിക്കല്‍ട്ടനും (2) രോഹിത് ശര്‍മയും (7) തുടക്കത്തിലേ പുറത്ത്. മൂന്നാം വിക്കറ്റില്‍ വില്‍ ജാക്സും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് സ്കോര്‍ 97ല്‍ എത്തിച്ചശേഷമാണ് പിരിഞ്ഞത്.
24 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 35 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ സായ് കിഷോര്‍ ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 11.4 ഓവറില്‍ 103ല്‍ നില്ക്കുമ്പോള് വില്‍ ജാക്സും പുറത്ത്. റാഷിദ് ഖാന്റെ പന്തില്‍ സായ് സുദര്‍ശനു ക്യാച്ച് നല്‍കിയായിരുന്നു വില്‍ ജാക്സ് മടങ്ങിയത്. 35 പന്തില്‍ മൂന്നു സിക്സും അഞ്ച് ഫോറും അടക്കം 53 റണ്‍സ് ജാക്സ് സ്വന്തമാക്കി.
പിന്നീട് മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാരുടെ പവലിയന് ഘോഷയാത്രയായിരുന്നു വാങ്കഡേ സ്റ്റേഡിയത്തില്‍ കണ്ടത്. തിലക് വര്‍മ (7), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (1), നമാന്‍ ധിര്‍ (7) എന്നിവരും ഒരക്കത്തില്‍ പുറത്ത്.
സൂര്യകുമാറും വില്‍ ജാക്സും ഒഴികെ മുംബൈയുടെ ബാറ്റിംഗ് നിരയിലെ ആദ്യ ഏഴു പേരിൽ മറ്റാരും രണ്ടക്കം കണ്ടില്ല. എട്ടാമനായി ക്രീസിലെത്തിയ കോർബിൻ ബോഷ് (22 പന്തിൽ രണ്ടു സിക്സും ഒരു ഫോറും അടക്കം 27 റൺസ്) മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്.
സൂര്യകുമാര്‍ യാദവ് 500+
ഇന്നലത്തെ ഇന്നിംഗ്സോടെ 2025 ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവ് 500 റണ്‍സ് കടന്നു. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഏറ്റവും കൂടുതല്‍ പ്രാവശ്യം 500+ റണ്‍സ് നേടുന്ന താരമെന്ന റിക്കാര്‍ഡും സൂര്യകുമാര്‍ ഇതോടെ സ്വന്തമാക്കി.
മൂന്നാം തവണയാണ് (2018, 2023, 2015) സൂര്യകുമാര്‍ ഒരു സീസണില്‍ 500+ റണ്‍സ് നേടുന്നത്. സച്ചിന് തെണ്ടുല്‍ക്കര്‍ (2010, 2011), ക്വിന്റണ്‍ ഡികോക്ക് (2019, 2020) എന്നിവര്‍ക്കൊപ്പം ഇതുവരെ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു സൂര്യകുമാര്‍ യാദവ്.