ഡല്‍ഹിയുടെ വഴിയില്‍ കല്ലുംമുള്ളും...
Wednesday, May 7, 2025 1:25 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷനില്‍ പ്ലേ ഓഫില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേ തിങ്കളാഴ്ച ബാറ്റിംഗില്‍ തകര്‍ന്നെങ്കിലും മഴയെത്തിയതോടെ പോയിന്റ് പങ്കുവച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തടിതപ്പി.
മത്സരം ഉപേക്ഷിച്ചതോടെ 11 മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റ് മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. എന്നാല്‍, അക്സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് സ്വപ്നം അത്ര എളുപ്പത്തില്‍ ഫലം കാണില്ല.
ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാല്‍ ലീഗ് ടേബിളില്‍ ചുരുങ്ങിയത് രണ്ടാം സ്ഥാനത്തെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഫിനിഷ് ചെയ്യാം. അതേസമയം, മൂന്നു മത്സരങ്ങളും പരാജയപ്പെട്ടാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുറത്താകും.
കാത്തിരിക്കുന്നത് വമ്പന്മാര്
പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യ നാലു സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യണം. നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഇനി അവര്‍ക്കു നേരിടേണ്ടത് ആദ്യ നാലു സ്ഥാനത്തിനുള്ളിലുള്ള ടീമുകളെയാണെന്നതും ശ്രദ്ധേയം. പഞ്ചാബ് കിംഗ്സ് (എട്ടാം തീയതി), ഗുജറാത്ത് ടൈറ്റന്‍സ് (11ന്), മുംബൈ ഇന്ത്യന്‍സ് (15ന്) എന്നീ കരുത്തരെയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നേരിടേണ്ടത്. പ്ലേ ഓഫിലേക്കുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വഴി അത്ര സുഗമമല്ലെന്നു ചുരുക്കം.
18-ാം സീസണ് ഐപിഎല്ലില്‍ ലീഗ് റൗണ്ടില്‍ ഇന്നത്തെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ഉള്‍പ്പെടെ ആകെ ശേഷിക്കുന്നത് 14 മത്സരങ്ങള്‍ മാത്രം. പ്ലേ ഓഫ് കാണാതെ പുറത്തായത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ മൂന്നു ടീമുകള്‍. പ്ലേ ഓഫിനായുള്ള നാലു സ്ഥാനങ്ങള്‍ക്കായി പോരാട്ട രംഗത്തുള്ളത് ബാക്കിയുള്ള ഏഴ് ടീമുകളും.
ഒരു ജയം, ആര്‍സിബി അകത്ത്
നിലവില്‍ 11 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്, ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു ജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാക്കാം. എന്നാല്‍, ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാല്‍ പോലും ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചേക്കില്ല എന്ന അവസ്ഥയും ആര്‍സിബിക്കുണ്ട്. കാരണം, ചുരുങ്ങിയത് മൂന്നു ടീമുകള്‍ക്ക് ഇരുപതോ അതില്‍ കൂടുതലോ പോയിന്റ് നേടാനുള്ള സാഹചര്യമുണ്ട്. ലക്നോ, ഹൈദരാബാദ്, കോല്‍ക്കത്ത ടീമുകളാണ് ബംഗളൂരുവിന്റെ വരും മത്സരങ്ങളിലെ എതിരാളികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സിന് എതിരേ വെള്ളിയാഴ്ചയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ അടുത്ത മത്സരം.
പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലക്നോ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളും പ്ലേ ഓഫിലേക്കു കണ്ണുനട്ടിരിക്കുകയാണ്. ഈ മൂന്നു ടീമുകള്‍ക്കും ശേഷിക്കുന്ന മത്സരങ്ങളില്‍ ചുരുങ്ങിയത് രണ്ടു ജയമെങ്കിലും സ്വന്തമാക്കണം.
കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മഴ, മറ്റു മത്സര ഫലങ്ങള്‍ എന്നിവയെല്ലാം നിലവിലെ സാധ്യതകള്‍ തകിടം മറിച്ചേക്കാം. അതുകൊണ്ട് പ്ലേ ഓഫ് ചിത്രം തെളിയുന്നതിനായി കാത്തിരിക്കാം...