പ്രതിരോധ സൗന്ദര്യം ലൂയിസ് ഗാല്‍വന്‍ ഓർമയായി
Wednesday, May 7, 2025 1:25 AM IST
ബുവാനോസ് ആരീസ്: 1978ല്‍ അര്‍ജന്റീനയുടെ പ്രഥമ ഫിഫ ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ലൂയിസ് ഗാല്‍വന്‍ (77) അന്തരിച്ചു.
സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന ഗാല്‍വന്‍, 1978 ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും കളത്തില്‍ ഇറങ്ങിയിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കേയാണ് അന്ത്യം.
ഗാല്‍വന്‍ - പാസരെല്ല
1978ല്‍ അര്‍ജന്റീന ലോകകപ്പ് ചാമ്പ്യന്മാരാകുന്നതില് സെന്‍ട്രല്‍ ബാക്ക് ഡിഫെന്‍സ് നിര്‍ണായകമായിരുന്നു. ഗാല്വനും അര്‍ജന്റൈന്‍ ക്യാപ്റ്റനായ ഡാനിയേല്‍ പാസരെല്ലയുമായിരുന്നു ടീമിന്റെ സെന്‍ട്രല്‍ ഡിഫെന്‍സ് നിയന്ത്രിച്ചത്.
നെതര്‍ലന്‍ഡ്സിന്റെ സൂപ്പര്‍ ടീമിനെ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളിനു കീഴടക്കി അര്‍ജന്റീന കപ്പുയര്‍ത്തി. അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിലായിരുന്നു ഗാല്വനും പാസരെല്ലയും മാരിയോ കെംപ്സും അടങ്ങുന്ന അര്‍ജന്റൈന്‍ ടീമിന്റെ ലോകകപ്പ് കിരീടധാരണം.