സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലവിലെ ജഡ്ജിമാർ ഏപ്രിൽ ഒന്നിന് പാസാക്കിയ ഫുൾ കോർട്ട് പ്രമേയത്തെത്തുടർന്നാണ് സ്വത്തുവിവരങ്ങൾ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക കണക്കുകൾപ്രകാരം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതോടൊപ്പം സൗത്ത് ഡൽഹിയിൽ മൂന്ന് കിടപ്പുമുറികളുള്ള ഒരു ഡിഡിഎ ഫ്ലാറ്റുമുണ്ട്.
ഡൽഹിയിലെ കോമണ്വെൽത്ത് ഗെയിംസ് വില്ലേജിൽ രണ്ട് പാർക്കിംഗ് സ്ഥലങ്ങളുള്ള നാല് കിടപ്പുമുറികളുള്ള മറ്റൊരു അപ്പാർട്ട്മെന്റും ചീഫ് ജസ്റ്റീസിന്റെ പേരിലുണ്ട്. കൂടാതെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള നാല് മുറി അപ്പാർട്ട്മെന്റിന്റെ 56 ശതമാനം ഓഹരി അദ്ദേഹത്തിന്റെ മകളുടെ പേരിലുണ്ട്. ഹിമാചൽപ്രദേശിൽ കുടുംബ സ്വത്തിലും അദ്ദേഹത്തിന് അവകാശമുണ്ട്. 55.75 ലക്ഷം രൂപയാണ് ചീഫ് ജസ്റ്റീസിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത്.
ഏറ്റവുമധികം നിക്ഷേപമുള്ളത് ജസ്റ്റീസ് കെ.വി. വിശ്വനാഥനാണ്. 120.96 കോടി രൂപയാണ് അദ്ദേഹത്തിന് നിക്ഷേപമായി ഉള്ളത്. പത്തു വർഷത്തിനിടയിൽ 91 കോടി രൂപ അദ്ദേഹം നികുതി അടച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജസ്റ്റീസ് കെ.വി. വിശ്വനാഥന്റെ ഭാര്യയുടെ പേരിൽ ആറു കോടിയിലധികം രൂപയുടെ സ്വത്തുക്കളുണ്ട്. കുടുംബസ്വത്തായി ലഭിച്ചതാണിത്.
നിലവിൽ 33 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ 21 പേരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ സ്വത്തുവിവരങ്ങൾ വരുംദിവസങ്ങളിൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയേക്കും.
2022 നവംബർ ഒന്പതുമുതൽ 2025 മേയ് അഞ്ചുവരെ സുപ്രീംകോടതി കൊളീജിയം നിയമിച്ച ജഡ്ജിമാരുടെ വിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജഡ്ജിമാരുടെ പേര്, ഹൈക്കോടതി, നിയമിച്ച ദിവസം, ഇവർക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീംകോടതി/ഹൈക്കോടതി ജഡ്ജിമാരുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊളീജിയം ശിപാർശ ചെയ്ത 221 ജഡ്ജിമാരിൽ 14 പേർക്ക് സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നിലവിലുള്ളതോ മുൻ ജഡ്ജിമാരോ ആയി ബന്ധമുള്ളവരാണ്.