ഇന്ത്യയിൽ എയർ പോഡ്സ് എൻക്ലോഷർ നിർമാണം വ്യാപിപ്പിക്കാൻ ജബിൽ
Wednesday, May 7, 2025 1:07 AM IST
മുംബൈ: ആപ്പിൾ സപ്ലയർ ആയ ജബിൽ എയർ പോഡ്സ് എൻക്ലോഷറിന് വേണ്ടി തമിഴ്നാട്ടിൽ രണ്ടാമത്തെ നിർമാണകേന്ദ്രം ആരംഭിക്കുന്നു. താരിഫ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് പുറത്തേക്ക് വിതരണശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ആപ്പിളിന്റെ നിർമാണപ്രക്രിയകളിൽ ഇന്ത്യക്ക് വർധിച്ച പങ്കാളിത്തം ലഭിക്കുന്നതിന്റെ സൂചനയായും ഇത് വിലയിരുത്തപ്പെടുന്നു. തിരുച്ചിറപ്പള്ളിയിലാണ് പുതിയ നിർമാണകേന്ദ്രം ഉയരുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിനായി കഴിഞ്ഞ മാസം കന്പനി അധികൃതർ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിൽ താരതമ്യേന പരിചിതമല്ലാത്ത ഒന്നാണ് എയർപോഡ്സ് ഘടകങ്ങളുടെ നിർമാണം. പൂനയിലെ പ്ലാന്റിലാണ് നിലവിൽ എൻക്ലോഷർ നിർമാണം നടക്കുന്നത്. 2023ലാണ് എയർപോഡിന്റെ പ്ലാസ്റ്റിക് കേസിംഗുകൾ പൂനയിൽ നിർമിക്കാനാരംഭിച്ചത്.
ഫോക്സ്കോണിന്റെ ഹൈദരാബാദിലെ ഫാക്ടറിയിൽ കയറ്റുമതിക്കായി എയർപോഡ്സ് അസംബിൾ ചെയ്യുന്ന ജോലികൾ ആരംഭിച്ചെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.