സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് 2,000 രൂപ വർധിച്ചു
Wednesday, May 7, 2025 1:07 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,025 രൂപയും പവന് 72,200 രൂപയുമായി.അന്താരാഷ്ട്ര സ്വര്‍ണവില ഏപ്രില്‍ 22ന് ട്രോയ് ഔണ്‍സിന് 3,500 ഡോളറിൽ എത്തിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് 250 ഡോളറിന്റെ കുറവാണു രേഖപ്പെടുത്തിയിരുന്നത്. അതിനുശേഷം നേരിയ മുന്നേറ്റത്തോടെ തുടങ്ങിയ വിലവര്‍ധന ഇന്നലെ ട്രോയ് ഔണ്‍സിന് 105 ഡോളറിന്റെ വര്‍ധനയിലെത്തി. തിങ്കളാഴ്ച ട്രോയ് ഔണ്‍സിന് 3257 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. ഇന്നലെ അതു 3362 ഡോളറിലെത്തി.
ലോകത്തിലെ സംഘര്ഷസാഹചര്യങ്ങളാണു സ്വര്‍ണവില ഉയരുന്നതിന് കാരണം. 3500 ഡോളറിലെത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വര്‍ധനയാണ് ഇതെന്നും ഇനി ഉയരാനുള്ള സാധ്യതയില്ലെന്നും പ്രവചനമുണ്ടായിരുന്നു.
സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ടുനീങ്ങിയാല്‍ ട്രോയ് ഔണ്‍സിന് 3500 ഡോളര്‍ കടന്ന് മുന്നോട്ടു പോകുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.