മേയ് 26; ആഫ്രിക്കന്‍ ഡെഡ്ലൈന്
Wednesday, May 14, 2025 10:57 PM IST
ജോഹന്നാസ്ബര്‍ഗ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് അപ്രതീക്ഷിതമായി നീണ്ടതോടെ ഫ്രാഞ്ചൈസികള്‍ പ്രതിസന്ധിയില്‍.
ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചതാണ് പ്രശ്നമായത്. മേയ് 25നു നടക്കേണ്ട ഐപിഎല്‍ ഫൈനല്‍ ജൂണ്‍ മൂന്നിലേക്ക് നീണ്ടു. പുതുക്കിയ മത്സരക്രമം അനുസരിച്ച് മേയ് 17ന് ഐപിഎല്‍ പുനരാരംഭിക്കും. 29 മുതലാണ് പ്ലേ ഓഫ്.
എന്നാല്‍, ജൂണ്‍ 11ന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്ക, തങ്ങളുടെ കളിക്കാര്‍ക്ക് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. മേയ് 26ന് ടീമിനൊപ്പം ചേരാനാണ് നിര്‍ദേശം.
മേയ് 31ന് ദക്ഷിണാഫ്രിക്കന്‍ ടീം ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടില്‍ എത്തും. ജൂണ്‍ മൂന്നിന് സിംബാബ്വെയുമായി ചതുര്‍ദിന സന്നാഹമത്സരം കളിച്ചശേഷമാണ് ദക്ഷിണാഫ്രിക്ക ഫൈനലിനിറങ്ങുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെ എട്ട് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഐപിഎല്ലിന്റെ ഭാഗമാണ്. മുംബൈ ഇന്ത്യന്‍സിന്റെ റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ലുന്‍ഗി എന്‍ഗിഡി, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ട്രിസ്റ്റണ്‍ സ്റ്റബ്സ്, പഞ്ചാബ് കിംഗ്സിന്റെ മാര്‍ക്കോ യാന്സണ്, ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ എയ്ഡന്‍ മാക്രം, ഗുജറാത്ത് ടൈറ്റന്‍സിന്റെ കഗിസൊ റബാഡ, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിലപാടില്‍ അയവു വരുത്താന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്.