ഐവിനെ മനഃപൂര്‍വം കാറിടിപ്പിച്ചു കൊന്നു ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
Saturday, May 17, 2025 2:06 AM IST
കൊച്ചി: നെടുമ്പാശേരി നായത്തോടില്‍ വാഹനം ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അങ്കമാലി തുറവൂര്‍ ആരിശേരില്‍ ഐവിന് ജിജോ (24)യെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് പ്രതികള്‍ മനഃപൂര്‍വം ചെയ്തതെന്നു പോലീസ്.
തുറവൂരിലെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് കാറില്‍ വരുന്നതിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാറുമായി ഉരസിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് എത്തിയിട്ടു പോയാല്‍ മതിയെന്നു പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാര്‍ ഐവിന് തടഞ്ഞു. ഇതോടെയാണു പ്രതികള്‍ കാറിടിപ്പിച്ചത്.
കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെതന്നെയായിരുന്നു ഇതെന്നും പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും നെടുമ്പാശേരി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാറിടിച്ചതിനെത്തുടര്‍ന്ന് ബോണറ്റിലേക്കു വീണ ഐവിനെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്കിട്ടു നിലത്തു വീഴ്ത്തിയശേഷം വീണ്ടും കാറിടിപ്പിച്ചു. അടിയില്‍പ്പെട്ട ഐവിനെ 37 മീറ്ററോളം റോഡിലൂടെ ഉരച്ചുകൊണ്ടുപോയി. ഗുരുതര പരിക്കേറ്റാണു മരണം. പ്രതികള്‍ ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാംപ്രതി സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ്, രണ്ടാംപ്രതി കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെ അങ്കമാലി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങൾ അരങ്ങേറി.
യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോടതി പരിസരത്തു പ്രതിഷേധിക്കാന്‍ ഒത്തുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ മറ്റൊരു വഴിയിലൂടെയാണു കോടതിയില്‍ എത്തിച്ചത്.
കണ്ണീരോടെ വിട
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഐവിന് ജിജോയ്ക്ക് കണ്ണീരോടെ വിട നല്കി നാട്ടുകാരും ബന്ധുക്കളും.
അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തുറവൂര്‍ ആരിശേരില്‍ വീട്ടിലും സംസ്കാരം നടന്ന സെന്റ് അഗസ്റ്റിൻസ് പള്ളിയിലുമെത്തിയത്. പിതാവ് ജിജോ മകന്റെ മൃതദേഹം കാണാനാകാതെ തളര്‍ന്നിരുന്നു. അമ്മ റോസ് മേരിയും സഹോദരി അലീനയും അന്ത്യചുംബനം നല്കുന്ന ദൃശ്യങ്ങള്‍ കണ്ടുനിന്നവരുടെ ഉള്ളുലച്ചു.
ആദരാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേര് എത്തിയതോടെ ഇന്നലെ വൈകുന്നേരം 3.15ഓടെയാണ് മൃതദേഹം സംസ്കാരത്തിനായി തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലേക്കു കൊണ്ടുപോയത്. സംസ്കാരച്ചടങ്ങില്‍ ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനായിരുന്നു.