വിരമിക്കലിനുശേഷം കോഹ്ലി അനുഷ്കയ്ക്കൊപ്പം വൃന്ദാവനില്‍
Tuesday, May 13, 2025 5:44 PM IST
വൃന്ദാവന്‍ (ഉത്തര്‍പ്രദേശ്): 14 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ആദ്യം സന്ദര്‍ശിച്ചത് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആശ്രമം.
കോഹ്ലിക്ക് ഒപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും ഉണ്ടായിരുന്നു. ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിന്റെ അനുഗ്രഹം തേടിയാണ് കോഹ്ലി-അനുഷ്ക ദമ്പതികള്‍ വൃന്ദാവനില്‍ എത്തിയത്. വരാഹ ഘട്ടിലെ ശ്രീ രാധാ കേളി കുഞ്ച് ആശ്രമത്തില്‍ ഇന്നലെ മൂന്നു മണിക്കൂറോളം ചെലവിട്ടശേഷമാണ് കോഹ്ലിയും അനുഷ്കയും മടങ്ങിയത്.
ഇതു മൂന്നാം തവണയാണ് കോഹ്ലി-അനുഷ്ക ദമ്പതികള്‍ ആശ്രമം സന്ദര്‍ശിക്കുന്നതെന്നതും ശ്രദ്ധേയം. 2023 ജനുവരി നാലിനും ഈ വര്‍ഷം ജനുവരി 10നുമായിരുന്നു ഇരുവരും മുമ്പ് ഇവിടെ എത്തിയത്.
തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ കോഹ്ലി തന്റെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. 2011 ജൂണ്‍ 20നു വെസ്റ്റ് ഇന്‍ഡീസിന് എതിരേ കിംഗ്സ്റ്റണിലായിരുന്നു കോഹ്ലിയുടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം.
തുടര്‍ന്ന് 123 ടെസ്റ്റില്‍നിന്ന് 46.85 ശരാശരിയില്‍ 9230 റണ്‍സ് നേടി. 30 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 68 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജയം (40) നേടിയതെന്നതും ചരിത്രം. തികച്ചും അപ്രതീക്ഷിതമായിരുന്നു കോഹ്ലിയുടെ വിരമിക്കൽ എന്നതാണ് വാസ്തവം.