ധരംശാലയിലെ ഫ്ളഡ്ലൈറ്റുകള്‍ കണ്ണടച്ചപ്പോള്‍
Friday, May 9, 2025 11:50 PM IST
ധരംശാല: പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ തുടക്കം മുതല്‍ വിഘ്നങ്ങളായിരുന്നു. മഴയെത്തുടര്‍ന്ന് മത്സരം ഒരു മണിക്കൂര്‍ വൈകി. മത്സരം തുടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എടുത്തുനില്‍ക്കുമ്പോള്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകളില്‍ ഒരെണ്ണം അണഞ്ഞു. സാങ്കേതികത്തകരാറായിരിക്കുമെന്നായിരുന്നു ആരാധകര്‍ ആദ്യം കരുതിയത്.
എന്നാല്‍, ബ്ലാക്ക് ഔട്ട് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലെടുത്ത തീരുമാനമാണെന്നു ബാക്കിയുള്ള ഫ്ളഡ്ലൈറ്റുകള്കൂടി പിന്നാലെ കണ്ണടച്ചതോടെ മനസിലായി. തുടര്‍ന്ന് തിങ്ങിനിറഞ്ഞ ഗാലറിയില്‍നിന്ന് ആരാധകരെ ഒഴിപ്പിച്ചു, കളിക്കാരെ ടീം ഹോട്ടലുകളില്‍ എത്തിച്ചു.
100 കിലോമീറ്റര്‍ ചുറ്റളവ്
മത്സരം നടക്കുകയായിരുന്ന ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിനും 100 കിലോമീറ്റര്‍ ചുറ്റളവില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം നടന്നതോടെയാണ് പഞ്ചാബ് x ഡല്‍ഹി പോരാട്ടം പെട്ടെന്നു നിര്‍ത്തിയത്.
എച്ച്പിസിഎ സ്റ്റേഡിയത്തിനും 80 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജമ്മു, ഉധംപുര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ പാക് വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. വേദിയിലുണ്ടായിരുന്ന ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമാല്‍ ഗ്രൗണ്ടിലിറങ്ങി സ്റ്റേഡിയം ഒഴിയാനായി ആരാധകർക്കു നിര്‍ദേശം നല്കി.