എസ്എസ്എൽസി: 99.5% വിജയം
Saturday, May 10, 2025 2:54 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് 99.5 ശതമാനം വിദ്യാർഥികൾ ഉപരി പഠന യോഗ്യത നേടി. പരീക്ഷ എഴുതിയ 4,27,020 വിദ്യാർഥികളിൽ 4,24,583 പേർ വിജയിച്ചു. വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവ്.
ഇക്കുറി 61,449 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയം നേടിയ റവന്യു ജില്ല കണ്ണൂരും ( 99.87) കുറവ് തിരുവനന്തപുരവു(98.59)മാണ്.
വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയവുമായി പാലാ, കുട്ടനാട് എന്നിവ ഒന്നാമതെത്തിയപ്പോൾ 98.28 ശതമാനവുമായി ആറ്റിങ്ങലാണ് ഏറ്റവും പിന്നിൽ. നൂറു ശതമാനം വിജയം നേടിയത് 2,331 സ്കൂളുകളാണ്. എ പ്ലസ് നേട്ടത്തിൽ മുന്നിൽ മലപ്പുറമാണ്.
എല്ലാ വിഷയങ്ങൾക്കും 4,115 വിദ്യാർഥികൾ മലപ്പുറത്ത് എ പ്ലസ് നേട്ടത്തിന് അർഹരായി. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്കൂൾ മലപ്പുറം എടരിക്കോട് പികഐംഎംഎച്ച്എസ്എസായിരുന്നു. ഇവിടെ പരീക്ഷ എഴുതിയ 2017 വിദ്യാർഥികളിൽ 2013 പേർ വിജയിച്ചു.
ഇതിൽ 299 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം ലഭിച്ചു. ഒരു വിദ്യാർഥി മാത്രം പരീക്ഷ എഴുതിയ തിരുവനന്തപുരം ഫോർട്ട്, കണ്ണൂർ പേരട്ട സെന്റ് ജോസഫ്സ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് വിദ്യാർഥി പരീക്ഷയ്ക്ക് ഇരുന്നത്.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ തിരൂർ ജിബിഎച്ച്എസ്എസും എയ്ഡഡ് സ്കൂൾ കോട്ടൂർ എകെഎൻഎച്ച്എസ്എസും അണ് എയ്ഡഡ് സ്കൂൾ കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ എച്ച്എസ്എസുമാണ്.
എസ്എസ്എൽസി പ്രൈവറ്റ് പുതിയ സ്കീമിൽ പരീക്ഷ എഴുതിയ 68 വിദ്യാർഥികളിൽ 46 പേരും പഴയ സ്കീമിൽ പരീക്ഷയ്ക്കിരുന്ന ആറിൽ നാലുപേരും വിജയിച്ചു. ഗൾഫിലെ ഏഴു പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 681 വിദ്യാർഥികളിൽ 675 ഉപരിപഠനയോഗ്യരായി. ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിൽ പരീക്ഷയ്ക്കിരുന്ന 447 വിദ്യാർഥികളിൽ 428 പേർ വിജയിച്ചു.
എസ്സി വിഭാഗത്തിൽ 39,981 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 39,447 പേർ വിജയിച്ചു. വിജയശതമാനം 98.66. എസ്ടി വിഭാഗത്തിൽ പരീക്ഷ എഴുതിയ 7,279 വിദ്യാർഥികളിൽ 7,135 പേർ വിജയിച്ചു. വിജയശതമാനം 98.02 . പി.ആർ ചേന്പറിൽ നടത്തിയ പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.