സാർവത്രിക സഭയ്ക്ക് പ്രചോദനാത്മക നേതൃത്വം: കെസിബിസി
Saturday, May 10, 2025 2:54 AM IST
കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267 -ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേരള കത്തോലിക്കാ സഭ ഭാവുകങ്ങളും പ്രാര്‍ഥനകളും നേരുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട് സഭയെയും സമൂഹത്തെയും നയിക്കാന്‍ മാർപാപ്പയ്ക്കു കഴിയട്ടെ. അദ്ദേഹം തന്റെ അഭിസംബോധനാസന്ദേശത്തില് വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ലോകത്തെ ഒന്നിച്ചുകൂട്ടാനും നയിക്കാനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്കു പ്രചോദനാത്മകമായ നേതൃത്വം നല്കാന് അദ്ദേഹത്തിനു സാധിക്കട്ടെ.
തെക്കേ അമേരിക്കയില്‍ ദീര്‍ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത മാർപാപ്പയുടെ അനുഭവസമ്പത്ത് സാര്വത്രികസഭയ്ക്കുവേണ്ടിയുള്ള തന്റെ പ്രധാനാചാര്യ ശുശ്രൂഷയില്‍ പിന്‍ബലവും മുതല്ക്കൂട്ടുമാകട്ടേയെന്ന് ആശംസിക്കുന്നു.
കേരളം സന്ദര്‍ശിക്കുകയും കേരളസഭയെ അടുത്തറിയുകയും ചെയ്തിട്ടുള്ള മാർപാപ്പയ്ക്കു കേരള വിശ്വാസസമൂഹത്തിന്റെ വിധേയത്വവും പ്രാര്‍ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്നും ഫാ. തറയിൽ പറഞ്ഞു.