മത്സ്യത്തൊഴിലാളികൾ കേരള സമൂഹത്തിന്റെ കാവൽക്കാർ: ജോസ് കെ.മാണി
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: രാജ്യത്തെ തകർക്കാൻ എത്തുന്ന തീവ്രവാദികൾക്ക് എതിരെ പോരാടുന്ന സൈന്യത്തിന് സമാനമായ പോരാട്ടവീര്യമുള്ളവരാണ് കടലിന് കാവൽ നിൽക്കുന്ന മത്സ്യത്തൊഴിലാളികളെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി എംപി.
നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ യാതൊരു നിർദേശവും ലഭിക്കാതെ രക്ഷാപ്രവർത്തനം നടത്തിയ കാവൽക്കാരാണ് മത്സ്യത്തൊഴിലാളികൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനം തിരുവനന്തപുരം വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മത്സ്യതൊഴിലാളികൾക്ക് അർഹമായ പരിഗണനയും അംഗീകാരവും നൽകാൻ കേരള കോൺഗ്രസ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യാത്ര ക്യാപ്റ്റനും കേരള യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റുമായ സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്-എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, കേരള കോൺഗ്രസ് -എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ, കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക തുടങ്ങിയവർ പ്രസംഗിച്ചു.