തെരഞ്ഞെടുപ്പിന് മുന്പുള്ള പുതിയ നേതൃത്വം കോൺഗ്രസിന് മുതൽക്കൂട്ടാകും: കെ. സുധാകരൻ
Friday, May 9, 2025 3:14 AM IST
കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്പ് പുതിയ നേതൃത്വത്തെ നിയോഗിക്കുന്നത് മടുപ്പില്ലാത്തതും ആവേശോജ്വലവുമായ ഇലക്ഷൻ പ്രചാരണത്തിനും വിജയത്തിനും മുതൽ കൂട്ടാണെന്ന് കെ. സുധാകരൻ. എംപി. കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് രണ്ടു ദിവസം മുന്പ് തന്നെ തനിക്ക് ബോധ്യമുണ്ടായിരുന്നു.
എഐസിസി പ്രസിഡന്റുമായും രാഹുൽ ഗാന്ധിയുമായും ഡൽഹിയിൽ ഇക്കാര്യം ചർച്ച നടത്തിയിരുന്നു. എന്നാൽ കെപിസിസിയുടെ പുതിയ അധ്യക്ഷൻ ആരാകും എന്നതിൽ മാത്രമായിരുന്നു ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം കണ്ണൂർ ഡിസിസി ഓഫീസിൽ സണ്ണി ജോസഫിനൊപ്പം പത്രസമ്മേളനത്തിൽ എത്തിയപ്പോഴായിരുന്നു സുധാകരന്റെ ഈ പ്രതികരണം.
കണ്ണൂരുകാരനും തന്റെ സഹപ്രവർത്തകനുമായ സണ്ണി ജോസഫിനെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചതിൽ ഏറെ സന്തുഷ്ടിയും സന്തോഷവും ഉണ്ടെന്നും എല്ലാവരുടെയും പിന്തുണയോടെ നല്ല പ്രവർത്തനം നടത്താൻ സണ്ണി ജോസഫിന് സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.
താൻ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സണ്ണി, മന്ത്രിയായിരുന്നപ്പോൾ ഡിസിസി പ്രസിഡന്റുമായിരുന്നു. ഇപ്പോൾ താൻ കെപിസിസി പദവി ഒഴിഞ്ഞതോടെ പകരക്കാരനായി സണ്ണി ജോസഫ് വരുന്നതിൽ കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്ക് പ്രത്യേകിച്ച് അഭിമാനിക്കാവുന്നതാണ്.
വളരെ കർക്കശക്കാരനും എല്ലാ നേതാക്കളെയും ഒറ്റക്കെട്ടായി കൊണ്ടുപോകുവാനുള്ള രാഷ്ട്രീയ പക്വതയുള്ള നേതാവുമാണ് സണ്ണി ജോസഫ്. കേരളത്തിലെ കോൺഗ്രസിന് അമൂല്യമായ സംഭാവന നൽകാൻ സണ്ണി ജോസഫിനു സാധിക്കും.
അദ്ദേഹത്തിനു പിന്നിൽ എല്ലാ നേതാക്കളും പ്രവർത്തകരും ഉണ്ടാകണമെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും മധുരം നൽകി കൊണ്ട് സുധാകരൻ പറഞ്ഞു.