കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ഉടൻ നല്‍കണം: മോന്‍സ് ജോസഫ്
Thursday, May 8, 2025 6:20 AM IST
കുട്ടനാട്: കൃഷിക്കാരില്‍നിന്ന് നെല്ല് സംഭരിച്ചു രണ്ടു മാസം കഴിഞ്ഞിട്ടും വില നല്കാന് തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയും ബാങ്കുകളുടെ പ്രതിനിധികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തി അടിയന്തരമായി പണം കൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് നെല്‍കൃഷിക്കാര്‍ക്കു വേണ്ടി നടത്തുന്ന മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടനാട്ടിലെ രാമങ്കരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നില്‍ പിആര്‍എസ് കോപ്പികള്‍ കത്തിച്ചു നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.
കുട്ടനാട്ടില്‍ നെല്‍കര്‍ഷക മാര്‍ച്ച് നടത്തിയതിനു ശേഷമാണ് കര്‍ഷക പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. നൂറുകണക്കിന് കൃഷിക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും സമരപരിപാടിയില്‍ പങ്കെടുത്തു.
കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന്മാരായ റെജി ചെറിയാന്, രാജന് കണ്ണാട്ട്, അഡ്വ. തോമസ് എം. മാത്തുണ്ണി, ഉന്നതാധികാര സമിതി അംഗങ്ങളായ സിറിയക് കാവില്‍, സാബു തോട്ടുങ്കല്‍, ജ്യൂണി കുതിരവട്ടം, എ.എൻ. പുരം ശിവകുമാര്‍, ബാബു പാറക്കാടന്‍, റോയി ഊരാംവേലി, ജോസ് കോയിപ്പള്ളി, ജോസ് കാവനാടന്‍, സണ്ണി തോമസ്, തോമസുകുട്ടി മാത്യു, ഡോ. ഷിബു ഉമ്മന്‍, എസ്.എസ്. ബിജു, ബെന്നി വേലശേരി, എന്നിവര്‍ പ്രസംഗിച്ചു.