നദീതട പദ്ധതികളിലേക്കുള്ള പരിസ്ഥിതി ആഘാത പഠനം ഇനി സംസ്ഥാനത്തും
Wednesday, May 7, 2025 1:07 AM IST
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിനുള്ള അംഗീകാരം ലഭിച്ചു.
ഇതോടെ നദീതട മേഖലകളിലെയും പ്രത്യേകിച്ച് ജലവൈദ്യുത, ജലസേചന പദ്ധതികളിലെയും പരിസ്ഥിതി ആഘാത നിർണയ പഠനങ്ങൾ നടത്താൻ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് കഴിയും. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനത്തിന് നദീതട പരിസ്ഥിതി ആഘാത പഠനത്തിനുള്ള ദേശീയതലത്തിലെ അനുമതി ലഭിക്കുന്നത്.
നിലവിൽ കേരളത്തിന് പുറത്തുനിന്നുള്ള ഏജൻസികളാണ് ഇത്തരം പഠനങ്ങൾ നടത്തിവന്നിരുന്നത്.
പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മിൽ സമതുലിതമായ സമീപനം ഇനി ശാസ്ത്രീയമായി ഉറപ്പാക്കാനാകുമെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ മെംബർ സെക്രട്ടറി ഡോ. എ. സാബു, സിഡബ്ല്യുആർഡിഎമം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ എന്നിവർ പറഞ്ഞു.