ആകെ കുഴഞ്ഞുമറിഞ്ഞ് കോണ്ഗ്രസ്
Wednesday, May 7, 2025 2:08 AM IST
സാബു ജോണ്
തിരുവനന്തപുരം: ആഴ്ചയുടെ ആരംഭത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച കെപിസിസി അധ്യക്ഷപ്രഖ്യാപനം ഉണ്ടായില്ല. ഇനി എന്നു വരുമെന്ന കാര്യത്തിൽ യാതൊരു ധാരണയുമില്ല. പകരം ഉണ്ടായത് അടിമുടി ആശയക്കുഴപ്പവും അനിശ്ചിതത്വവും.
ഹൈക്കമാൻഡിനെ വെല്ലുവിളിച്ചുനിന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെയും തിരുവനന്തപുരത്തുണ്ടായിരുന്നു. മുതിർന്ന നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇവരിൽ പലരുടെയും പിന്തുണ നേടിയെടുക്കാൻ സുധാകരനു സാധിച്ചു എന്നാണ് അറിയുന്നത്. എന്നാൽ ഹൈക്കമാൻഡ് ഇനിയും വിപുലമായ ഒരു ആശയവിനിമയത്തിനു മുതിരുമോ എന്ന കാര്യത്തിൽ നിശ്ചയമില്ല.
കഴിഞ്ഞ ദിവസം സുധാകരൻ എ.കെ. ആന്റണിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിനു മുന്പൊരിക്കൽ സുധാകരന്റെ കസേര തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ ആന്റണിയാണു സുധാകരനെ രക്ഷിച്ചത്.
ഹൈക്കമാൻഡിൽനിന്ന് ആരെങ്കിലും ഇങ്ങോട്ടു വിളിച്ച് അഭിപ്രായം ചോദിച്ചാൽ പറയാമെന്ന നിലപാടിലാണ് ആന്റണി എന്നാണ് അറിയുന്നത്. സുധാകരനെ മാറ്റിയാൽപോലും അറിയപ്പെടുന്ന ഒരു മുഖം പകരക്കാരനായി വരണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
അധ്യക്ഷനെ മാറ്റാനുള്ള ആലോചനകൾ തത്കാലത്തേക്കെങ്കിലും മരവിപ്പിക്കപ്പെട്ടു എന്ന ധാരണയിലാണു സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. എന്നാൽ ഹൈക്കമാൻഡിന്റെ മനസിലിരിപ്പ് എന്തെന്ന് കേരളത്തിൽ ആർക്കും പിടിയില്ല.
അപ്രതീക്ഷിത നീക്കത്തിലൂടെ പ്രധാനപ്പെട്ട നിയമനങ്ങൾ നടത്തുന്ന രീതിയാണു ഹൈക്കമാൻഡിനുള്ളത്. ഇക്കുറിയും അങ്ങനെതന്നെ സംഭവിക്കുമോ എന്നു കാത്തിരിക്കുകയാണു നേതാക്കൾ. ഹൈക്കമാൻഡിനെ വെല്ലുവിളിച്ച സുധാകരനെ തുടരാൻ അനുവദിക്കില്ലെന്നു കരുതുന്ന നേതാക്കളുമുണ്ട്.
കെപിസിസി പുനഃസംഘടനയുടെ പേരിൽ ഉണ്ടായ കോലാഹലങ്ങളിൽ രാഹുൽ ഗാന്ധി അതൃപ്തനാണെന്നാണു റിപ്പോർട്ടുകൾ. ഡൽഹിയിൽ കേരള നേതൃത്വവുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയെത്തുടർന്നു കുറച്ചുനാളായി കാര്യമായ അപസ്വരമില്ലാതെ പാർട്ടി കാര്യങ്ങൾ മുന്നോട്ടു പോകുകയായിരുന്നു.
പരസ്യപ്രസ്താവനകളും അച്ചടക്ക ലംഘനവും നടത്തിയാൽ എത്ര ഉന്നതനായ നേതാവായാലും നടപടി ഉണ്ടാകുമെന്ന് അന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. പുതിയ വിവാദത്തോടെ ആ സമാധാനകാലവും അവസാനിച്ചിരിക്കുകയാണോ എന്നു സംശയിക്കണം.
പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഒരു വട്ടം കൂടി അഭിപ്രായം സ്വരൂപിക്കുമോ അതോ കെപിസിസിയിൽ മൊത്തത്തിൽ അഴിച്ചുപണി ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതുവരെ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ നിന്നല്ലാതെ അധ്യക്ഷനെ കണ്ടെത്താനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഏതു സമയത്തു പ്രഖ്യാപിച്ചാലും ഒറ്റക്കെട്ടായി നേരിടാനുള്ള തയാറെടുപ്പിലായിരുന്നു പാർട്ടി നേതൃത്വം. കെപിസിസി പ്രസിഡന്റ് നിയമനം സംബന്ധിച്ച വിവാദം ഈ അന്തരീക്ഷംകൂടി ഇല്ലാതാക്കുമോ എന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്.