കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിൽ വഴിമുടക്കി കെടിഡിഎഫ്സി
Wednesday, May 7, 2025 1:07 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിൽ വഴി മുടക്കി കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷൽ കോർപറേഷൻ (കെടിഡിഎഫ്സി).
അമിത പലിശ (11.32 ശതമാനം) ഈടാക്കുന്ന കെടിഡിഎഫ്സിയെ ഒഴിവാക്കി കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താൻ കെഎസ്ആർടിസി കുറെ കാലമായി ശ്രമിച്ചു വരികയാണ്.
കേരള ബാങ്കിനെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രഷനും നടത്തിക്കഴിഞ്ഞു. ഇനി ആവശ്യമുള്ളത് കെടിഡിഎഫ്സിയുടെ നോ ഡ്യൂസ് സർട്ടിഫിക്കറ്റ് മാത്രമാണ്. കെടിഡിഎഫ്സി ഇത് കൊടുക്കാൻ തയാറാവുന്നില്ല.
ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ 2018ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കായി കെഎസ്ആർടിസി കൺസോർഷ്യം രുപീകരിച്ചത്. കെഎസ്ആർടിസിയുടെ കടങ്ങൾ തീർക്കാൻ കൺസോർഷ്യം 3100 കോടി രൂപ വായ്പയായി അനുവദിച്ചു.
കെഎസ്ആർടിസി അത് കൃത്യമായി അടച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കടം 2787.59 കോടിയായി കുറഞ്ഞിട്ടുണ്ട്. ഇതിൽ കെടിഡിഎഫ്സിയുടെ വിഹിതം 135.44 കോടിയാണ്. ഈ തുക കെടിഡിഎഫ്സിക്ക് കൈമാറാൻ കേരള ബാങ്ക് സന്നദ്ധവുമാണ്.
കെടിഡിഎഫ്സി നോ ഡ്യൂസ് സർട്ടിഫിക്കറ്റ് നല്കിയാൽ കേരള ബാങ്ക് കൺസോർഷ്യത്തിന്റെ ഭാഗമാകുകയും കെടിഡിഎഫ്സിക്ക് അവരുടെ വിഹിതം കൈമാറുകയും ചെയ്യും. എന്നാൽ, കെടിഡിഎഫ്സി നോ ഡ്യൂസ് സർട്ടിഫിക്കറ്റ് നല്കാൻ തയാറാകുന്നില്ല.
ഇതുമൂലം കേരള ബാങ്കിന് കൺസോർഷ്യത്തിന്റെ ഭാഗമാകാനും കഴിയുന്നില്ല. വികസന പദ്ധതികൾക്ക് കേരള ബാങ്കിൽനിന്നു വായ്പ എടുക്കാനും കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി.