പ്ലസ് വണ്‍ അപേക്ഷ 14 മുതൽ; ജൂണ്‍ 18ന് പഠനാരംഭം
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 14ന് ആരംഭിക്കും. ഓണ്‍ലൈനായിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
20 വരെ അപേക്ഷ സമർപ്പിക്കാം. മേയ് 24ന് ട്രയൽ അലോട്ട്മെന്റും ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്മെന്റും 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം ഘട്ട അലോട്ട്മെന്റും നടക്കും.
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾക്കു ശേഷം ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടത്തിനു ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ബാക്കി വരുന്ന സീറ്റുകളിൽ പ്രവേശനം നടത്തും.
അപേക്ഷകർക്ക് സ്വന്തമായോ പത്താം ക്ലാസ് പഠിച്ച ഹൈസ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷകൾ സമർപ്പിക്കാം.
കൂടാതെ, പ്രദേശത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അപേക്ഷ സമർപ്പിക്കുന്നതിന് ഉപയോഗിക്കാം.