മഹാപ്രവാഹം, പൂരം
Wednesday, May 7, 2025 2:08 AM IST
സി.എസ്. ദീപു
തൃശൂർ: പല നാടുകൾ, പല വഴികൾ താണ്ടി വടക്കുന്നാഥന്റെ മണ്ണിലേക്കൊഴുകിയെത്തിയ ജനസാഗരം സാക്ഷി. ഇതു തെക്കുദേശത്തിന്റെയാകെ മഹാമേള. മഹാപ്രവാഹം. മേടവെയിലിന്റെ തീച്ചൂടിനെയും മറികടന്ന്, ചിട്ടവട്ടങ്ങളിൽ അണുവിട തെറ്റാതെ, പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും തീർത്ത മേളഗോപുരങ്ങൾ താണ്ടി, ഒളിപ്പിച്ചുവച്ച വിസ്മയങ്ങളുടെ കുടമാറ്റവും കണ്ടുള്ള മടക്കം. ആഹാ! ഒരിക്കലെത്തിയവർ എന്നുമോർക്കുന്ന അനുഭവങ്ങളുടെ മഹാസമ്മേളനം. തൃശൂർ പൂരം!!!
രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരനഗരിയിലേക്കുള്ള ഒഴുക്കു തുടങ്ങി. പിന്നാലെ കാരമുക്ക്, അയ്യന്തോൾ, ലാലൂർ, പനമുക്കുംപിള്ളി ശാസ്താവ്, ചൂരക്കോട്ടുകാവ് ഭഗവതി, തിരുവന്പാടി ഭഗവതി, ചെന്പൂക്കാട് ഭഗവതി, നെയ്തലക്കാവ് ഭഗവതി, പാറമേക്കാവ് ഭഗവതി എന്നിവർക്ക് അകന്പടിയായി നഗരിയിലെത്തിയവർ പലവഴിപിരിഞ്ഞു.
മഠത്തിൽവരവിനു കൊങ്ങാടു മധു ഒരുക്കിയ പഞ്ചവാദ്യമധുരം നുകർന്നും പാറമേക്കാവിന്റെ പടപ്പുറപ്പാടിനൊപ്പം കിഴക്കൂട്ട് ഒരുക്കിയ ചെന്പടയും പാണ്ടിയും പിന്നിട്ട് വീണ്ടുമവർ ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിൽ ഒന്നിച്ചു. അവിടെനിന്നു ക്ഷേത്രഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെ മഹാസിംഫണിയും നുകർന്നു തെക്കേഗോപുരനടയിലെ കുടമാറ്റത്തിന്റെ ആൾക്കടലിൽ ലയിച്ചു.
രാവിലെ ഏഴരയ്ക്കു ഭഗവതിയുടെ തിടന്പേറ്റി ഗജരാജൻ ചന്ദ്രശേഖരൻ ശിരസുയർത്തിയതോടെ തിരുവന്പാടിയുടെ പൂരപ്പുറപ്പാടിനു തുടക്കമായി. നായ്ക്കനാലിലെത്തി നടുവിൽമഠത്തിലെ ഉപചാരസമർപ്പണം. പതിനൊന്നരയോടെ ചരിത്രത്തിലിടം നേടിയ മഠത്തിൽവരവ്.
കൊങ്ങാടിന്റെ പഞ്ചവാദ്യത്തിന്റെ മാസ്മരികതയിലലിഞ്ഞ് സ്വരാജ് റൗണ്ടിലേക്കു കടക്കുന്പോൾ ആനകളുടെ എണ്ണം ഏഴ്. എഴുന്നള്ളിപ്പ് 2.45നു നായ്ക്കനാലിലെത്തി പഞ്ചവാദ്യത്തിന്റെ സമാപനം.
പിന്നെ പാണ്ടിയുടെ അകന്പടിയിൽ തേക്കിൻകാട് മൈതാനിയിലേക്കു കാലുവയ്ക്കുന്നതോടെ ആനകൾ 15 ആയി. ശ്രീമൂലസ്ഥാനത്തു പാണ്ടിമേളത്തിന്റെ വിസ്മയത്തിലാറാടിച്ച് ഒരുമണിക്കൂറോളം മധുവിന്റെ മാജിക്. പിന്നെ 15 ആനകളും പടിഞ്ഞാറേഗോപുരത്തിലൂടെ വടക്കുന്നാഥന്റെ മണ്ണിലേക്ക്. ചന്ദ്രശേഖരൻ ദേവനെ പ്രദക്ഷിണം ചെയ്യുന്പോൾ മറ്റാനകൾ തെക്കേഗോപുരനടയിലേക്കു നീങ്ങി.
പുലർച്ചെ മൂന്നിനു നിയമവെടിയോടെ ആരംഭിച്ച പാറമേക്കാവിന്റെ ചടങ്ങുകൾക്കു ചൂരക്കോട് ദുർഗാഭഗവതിയെ ഇറക്കിയെഴുന്നള്ളിച്ചതോടെ കാത്തിരുന്ന ആയിരങ്ങളിലേക്കു പൂരത്തിന്റെ ആവേശം കയറുകയായി. തുടർന്നു ചെറിയപാണി കൊട്ടി വിളംബരകാലത്തിലേക്കു ചെന്പടമേളത്തിന്റെ ആവേഗം. പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതിയുടെ തിടന്പേറ്റി ഗുരുവായൂർ നന്ദൻ പുറത്തേക്ക്.
പിന്നാലെ പ്രൗഢിയൊട്ടും കുറയാതെ പറ്റാനകളും. ചെന്പട കലാശിച്ചു കുടമാറ്റത്തിനുശേഷം പാണ്ടിമേളത്തിലേക്കു കയറിയതോടെ ജനം പൂരാവേശക്കൊടുമുടിയിലെത്തി. തുടർന്നു പാണ്ടിയുടെ അകന്പടിയിൽ ലോകത്തിന്റെ മഹാസിംഫണിയെന്നറിയപ്പെടുന്ന ഇലഞ്ഞിത്തറമേളത്തിലേക്ക്.
അപ്പോൾ പുറത്ത് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തിരുവന്പാടിയുടെ മേളം കൊട്ടിക്കയറുകയായിരുന്നു. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ രണ്ടരമണിക്കൂർ വിസ്മയം താണ്ടി തൃപുടയുടെ അകന്പടിയിൽ തെക്കേഗോപുരനടയിലേക്ക്. തൃപുട കലാശിച്ച് പാണ്ടിയുടെ അകന്പടിയിൽ, കാത്തിരിക്കുന്ന ജനസാഗരത്തിലേക്കു തിടന്പേറ്റിയ നന്ദൻ തലനീട്ടുന്നതോടെ വീണ്ടുമൊരു ആവേശക്കടലിളക്കം.
ഇരന്പിയാർക്കുന്ന ജനസാഗരത്തിനു നടുവിലൂടെ തെക്കോട്ടിറങ്ങി വടക്കുന്നാഥന്റെ പ്രദക്ഷിണവഴിയിൽ പാണ്ടി കലാശിച്ചു. തൃപുടമേളത്തിന്റെ അകന്പടിയിൽ രാജാവിനെ വലംവച്ച് പഞ്ചാരിയുടെ അകന്പടിയിൽ തിരികെ പ്രദക്ഷിണവഴിയിലേക്ക്.
പഞ്ചാരി മുറുകുന്പോഴേക്കും തിടന്പേറ്റിയ കണ്ണനും മറ്റാനകളും തിരുവന്പാടിക്കുവേണ്ടി തെക്കേഗോപുരനടയിൽ അണിനിരന്നിരുന്നു. നിയന്ത്രണങ്ങൾ പൊട്ടിച്ച് എങ്ങും നിറഞ്ഞ ആൾക്കടൽക്കരയിൽ എല്ലാവരെയും വിസ്മയിപ്പിച്ച കുടമാറ്റം. ആഹാ! ഇവിടെയല്ലാതെ മറ്റെവിടെയുണ്ടാകും ഇങ്ങനെയൊരു വിസ്മയം.
കുടമാറ്റം കഴിഞ്ഞതോടെ ആചാരാനുഷ്ഠാന പ്രകാരമുള്ള ഇറക്കിപ്പൂജകൾക്കായി തിരുവന്പാടി ഭഗവതിയും പാറമേക്കാവ് ഭഗവതിയും മടങ്ങിയപ്പോൾ പൂരപ്രേമികൾ രാത്രിപ്പൂരത്തിനായി കാത്തിരുന്നു.
രാത്രിയിൽ പകൽപൂരങ്ങളുടെ ആവർത്തനം. തൃശൂർ പൂരം അതിന്റെ എല്ലാ പൂർണതയോടുംകൂടി ജനലക്ഷങ്ങളിലേക്ക് അലിഞ്ഞുചേർന്നപ്പോൾ പുലർച്ചെ വെടിക്കെട്ടിനുള്ള കൗണ്ട് ഡൗണ് തുടങ്ങിക്കഴിഞ്ഞിരുന്നു.