‘77ലും ഇഎംഎസ്’ മുദ്രാവാക്യം ഓര്‍ത്താല്‍ മതി: വി.ഡി. സതീശന്
Wednesday, May 7, 2025 1:07 AM IST
കോഴിക്കോട്: മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രചരിപ്പിക്കുന്നവര്‍ “57ല്‍ ഇഎംഎസ്, 67ല്‍ ഇഎംഎസ്, 77ലും ഇഎംഎസ്” എന്ന മുദ്രവാക്യം ഓര്‍ത്താല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
അന്ന് സിപിഎം ഇങ്ങനെയൊരു മുദ്രവാക്യം വിളിച്ചതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ 140ല്‍ 111 സീറ്റും ഐക്യജനാധിപത്യമുന്നണി നേടി. ഇഎംഎസ് അന്ന് വി.എസ്. വിജയരാഘവനോടു കഷ്ടിച്ചാണ് ജയിച്ചത്. ആ ഗതിയാവും 2026ല്‍ ധര്‍മടത്ത് പിണറായി വിജയനുമുണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് ഓര്‍മപ്പെടുത്തി.
വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും. യുഡിഎഫ് അധികാരത്തിലേറിയാല്‍ സംസ്ഥാനത്തെ സാമ്പത്തിക, ആരോഗ്യമേഖല മെച്ചപ്പെടും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറി.
മന്ത്രിസഭ കോര്‍പറേറ്റു മുതലാളിമാര്‍ക്കൊപ്പമാണ്. ടാറ്റയ്ക്കും ബിര്‍ളയ്ക്കും എതിരേ മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാര്‍ അദാനി പിണറായിയുടെ പാര്‍ട്ണര്‍ ആയതോടെ നാണിച്ച് തലതാഴ്ത്തേണ്ട ഗതികേടിലായിയെന്നും വി.ഡി. സതീശന് പറഞ്ഞു.
2016ലും 2021നുമൊപ്പം 2026ലും തുടരുമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് കേരളത്തിലെ ജനങ്ങള്‍ നല്കുന്ന മറുപടിയില്‍ കോഴിക്കോട്ടുനിന്നുള്ള കോണ്‍ഗ്രസ് എംഎല്എമാരുണ്ടാകുമെന്ന ഉറപ്പു നല്‍കുന്നതായി ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.