റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ച് വനം വകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ അധീഷിനെ മലയാറ്റൂർ ഡിവിഷനു പുറത്തേക്കു സ്ഥലം മാറ്റാൻ വനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉത്തരവിട്ടു.
കേസ് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പങ്കുവച്ചു എന്നു ചൂണ്ടിക്കാട്ടിയതും റാപ്പർ വേടനു ശ്രീലങ്കൻ ബന്ധമുണ്ടെന്നതടക്കം സ്ഥിരീകരണമില്ലാത്ത പ്രസ്താവന നടത്തിയെന്നതുമാണ് ഇദ്ദേഹത്തിനെതിരായി ആരോപിച്ചിട്ടുള്ള കുറ്റം.
ഉദ്യോഗസ്ഥന്റേതു ശരിയായ അന്വേഷണ രീതി അല്ലെന്ന വിലയിരുത്തലിലാണു നടപടി. വകുപ്പുതല അന്വേഷണത്തിന് വിധേയമായ സ്ഥലം മാറ്റമെന്ന് മന്ത്രിയുടെ ഓഫീസിൽനിന്നു പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.