ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; കെ.ആർ. ജ്യോതിലാൽ ധന സെക്രട്ടറി
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ധനസെക്രട്ടറിയായിരുന്ന ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായ പശ്ചാത്തലത്തിലാണ് അഴിച്ചുപണി.
പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് പുതിയ ധന സെക്രട്ടറി. നികുതി, ആസൂത്രണകാര്യം എന്നീ ചുമതലകൾക്കു പുറമേ റീ ബിൽഡ് കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയും ജ്യോതിലാലിനുണ്ട്.
ഗംഗാ സിംഗ് വിരമിച്ച ഒഴിവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് വനംവകുപ്പിന്റെ പൂർണ അധിക ചുമതല നൽകി. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയോഗിച്ചു. ഊർജ വകുപ്പ്, എസ്സി എസ്ടി വികസനം, പിന്നാക്ക വിഭാഗ വികസനം എന്നീ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ എൻ. കോബ്രഗഡെ ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിന്റെ അധിക ചുമതല വഹിക്കും. മരാമത്ത് സെക്രട്ടറി കെ. ബിജുവിന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലകൂടി നൽകി. മുഖ്യമന്ത്രിക്ക് കീഴിലുള്ള മെട്രോ, സംസ്ഥാനവുമായി ബന്ധപ്പെട്ട വ്യോമകാര്യം, മന്ത്രി വി. അബ്ദുറഹ്മാന് കീഴിലുള്ള സംസ്ഥാന തല റെയിൽവേ കാര്യം എന്നീ ഗതാഗത ചുമതലകളാണ് ബിജുവിനുണ്ടാവുക.
തദ്ദേശ വകുപ്പ് സെക്രട്ടറി കേശവേന്ദ്രകുമാറിനെ ധനവകുപ്പ് (എക്സ്പെൻഡിച്ചർ) സെക്രട്ടറിയായി നിയമിച്ചു. വ്യവസായ വികസന കോർപറേഷൻ എംഡി മിർ മുഹമ്മദ് അലിയെ കെഎസ്ഇബി സിഎംഡിയായി നിയോഗിച്ചു. ഈ തസ്തിക സ്പെഷൽ സെക്രട്ടറിയുടെ തസ്തികയ്ക്ക് തുല്യമാക്കിയാണ് നിയമനം. വ്യവസായ വികസന കോർപറേഷൻ എംഡി, ഊർജവകുപ്പ് സ്പെഷൽ സെക്രട്ടറി എന്നീ ചുമതലകളും മിർ മുഹമ്മദ് അലിക്കുണ്ട്.
ലാൻഡ് റവന്യു കമ്മീഷണർ ഡോക്ടർ എ. കൗശികന് സൈനികക്ഷേമ വകുപ്പിന്റെ അധിക ചുമതല നൽകി.
ഗുരുവായൂർ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം എന്നിവയുടെ നിലവിലെ കമ്മീഷണർ ചുമതലയിലും കൗശികൻ തുടരും. ജല അഥോറിറ്റി എംഡി ജീവൻ ബാബുവിന് തീര സംരക്ഷണവുമായി ബന്ധപ്പെട്ട എഡിബി പദ്ധതിയുടെ മിഷൻ ഡയറക്ടർ ചുമതലകൂടി നൽകി.
സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി അദീല അബ്ദുള്ള തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതലകൂടി വഹിക്കും. നിലവിൽ അദീല വഹിച്ചിരുന്ന വനിത ശിശു വികസന വകുപ്പിലെ ചുമതല ഒഴിവാക്കി.
ധനവകുപ്പ് അഡീഷണൽ സെക്രട്ടറി (എക്സ്പെൻഡിച്ചർ) ഡോ. എസ്. ചിത്രയെ തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയോഗിച്ചു കൊണ്ടും സർക്കാർ ഉത്തരവ് പുറത്തിറക്കി.