സന്തോഷ് വര്‍ക്കിക്ക് ജാമ്യം
Wednesday, May 7, 2025 2:08 AM IST
കൊച്ചി: നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ അറസ്റ്റിലായ വ്ലോഗര്‍ സന്തോഷ് വര്‍ക്കിക്ക് (ആറാട്ടണ്ണന്) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
11 ദിവസമായി റിമാന്‍ഡിലാണെന്നതും കസ്റ്റഡിയില്‍ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് എം.ബി. സ്നേഹലത ജാമ്യം അനുവദിച്ചത്. ഹര്ജിക്കാരന് സമൂഹമാധ്യമങ്ങളിലൂടെ സമാന പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ജാമ്യവ്യവസ്ഥകളുടെ ഭാഗമായി കോടതി നിര്‍ദേശിച്ചു.
സിനിമാനടിമാര്ക്കെതിരേ ഏപ്രില്‍ 20നാണ് ഹര്ജിക്കാരന് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരേ ചലച്ചിത്രപ്രവര്‍ത്തകരായ ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന് തുടങ്ങിയവര്‍ പരാതി നല്കി. തുടര്‍ന്ന് 25ന് സന്തോഷിനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് ബോധിപ്പിച്ചു.
ജാമ്യത്തില്‍ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു.