ടൂറിസം വകുപ്പ് ഈ വർഷം 100 പദ്ധതികൾ പൂർത്തിയാക്കും
Wednesday, May 7, 2025 1:07 AM IST
തിരുവനന്തപുരം: ഈ വർഷം ടൂറിസം വകുപ്പിന് കീഴിൽ 100 പദ്ധതികൾ പൂർത്തീകരിക്കാൻ തീരുമാനം. ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനമെടുത്തത്.
പുരോഗമിക്കുന്നതും തുടങ്ങേണ്ടതുമായ പ്രവൃത്തികളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പുരോഗമിക്കുന്ന പദ്ധതികളിൽ പൂർത്തീകരിക്കാനാകുന്ന പദ്ധതികൾക്കു കൃത്യമായ സമയക്രമം നിശ്ചയിച്ചു മുന്നോട്ടുപോകാൻ മന്ത്രി നിർദേശം നൽകി.
പ്രവൃത്തികളുടെ ഓരോ ഘട്ടത്തിലും കൃത്യമായ സമയം നിശ്ചയിക്കണം. ഇതു പ്രാവർത്തികമായെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കു പ്രത്യേക ചുമതല നൽകാനും നിശ്ചയിച്ചു.