ഹയർ സെക്കൻഡറി സ്ഥലംമാറ്റവും നിയമനവും 31നുള്ളിൽ പൂർത്തിയാക്കും
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്ഥലംമാറ്റവും നിയമനവും 31നുള്ളിൽ പൂർത്തിയാക്കുമെന്നു വിദ്യാഭ്യാസ വകുപ്പ്.
കൈറ്റിന്റെ നേതൃത്വത്തിൽ ഓണ്‍ലൈനായാണ് സ്ഥലംമാറ്റത്തിനായി അപേക്ഷകൾ സ്വീകരിച്ചത്. 8204 അധ്യാപകരുടെ അപേക്ഷകളാണ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് അയച്ചത്. ഇതിൽ 357 അപേക്ഷകർ അനുകന്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലാണ് അപേക്ഷിച്ചിരിക്കുന്നത്.
ഇവരുടെ അപേക്ഷകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും. 19നുള്ളിൽ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് പരിശോധിക്കാൻ ഒരാഴ്ച സമയം നൽകിയശേഷം അന്തിമസ്ഥലം മാറ്റപ്പട്ടിക 26ഓടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്ഥലംമാറ്റത്തിനായി അധ്യാപകർ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ വരുത്തുന്ന തെറ്റുകൾ തിരുത്താനായി പ്രത്യേകം സമയം അനുവദിച്ചു. ഇത്തരത്തിൽ 400ലധികം അധ്യാപകർ തിരുത്തലുകൾ വരുത്തി. ജില്ലകളിലെ വിവിധ സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ലഭ്യമായ ഒഴിവുകൾ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പോർട്ടലിൽ കൈറ്റ് പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു.