സ്കൂൾ പാഠ്യപദ്ധതിയിൽ ഇനി കലാപഠനവും
Wednesday, May 7, 2025 1:07 AM IST
കാസർഗോഡ്: വരുന്ന അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ കലകളുടെ പഠനവും ഉൾപ്പെടുത്തുന്നു. അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ തനതു സംസ്കാരങ്ങളുടെയും ഗോത്രകലകളുടെയും പഠനത്തിന്റെ ഭാഗമായാണ് വിവിധ കലകളെക്കൂടി ഉൾപ്പെടുത്തുന്നത്.
ചിത്ര-ശില്പകല, നാടകം, സിനിമ, നൃത്തം, സംഗീതം എന്നിങ്ങനെ അഞ്ചു വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പാഠപുസ്തകങ്ങളും തയാറാക്കിയിട്ടുണ്ട്. ഗോത്രകലകൾ മുതൽ പാശ്ചാത്യസംഗീതം വരെ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷയും പ്രാക്ടിക്കലുമായി 50 മാർക്കാണു കലാപഠനത്തിനായി മാറ്റിവച്ചിട്ടുള്ളത്.
ഹൈസ്കൂൾ ക്ലാസുകളിൽ കലാപഠനവുമായി ബന്ധപ്പെട്ട വിവിധ പ്രൊജക്ടുകളും ഉണ്ടാകും. ഇവയ്ക്കു മേൽനോട്ടം വഹിക്കാൻ അധ്യാപകർക്കു പരിശീലനം നല്കും. കലാപഠനത്തിനായി പ്രത്യേക അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്ന നിർദേശവുമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
എന്നാൽ സൂംബാ നൃത്തവും കളികളും അധ്യാപകർ പരിശീലിപ്പിക്കണമെന്ന് നിർദേശിച്ചതുപോലെ കലകളുടെ കാര്യത്തിൽ നടപ്പാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഗോത്രകലകളും നാടൻപാട്ടും പാശ്ചാത്യസംഗീതവുമൊക്കെ അതത് കലകളിൽ പ്രാവീണ്യമുള്ളവർക്കു മാത്രമേ പഠിപ്പിക്കാൻ കഴിയൂ. സ്കൂൾ തുറക്കുമ്പോഴേക്കും ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണു പ്രതീക്ഷ.