പ്ലസ് വണ്‍: ഏഴു ജില്ലകളിൽ സീറ്റ് വർധന
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഏഴു ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വണിന് മാർജിനൽ സീറ്റ് വർധനയ്ക്ക് തീരുമാനം.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എല്ലാ എയ്ഡഡ് സ്കൂളികളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനയാണ് അനുവദിക്കുക. കൂടാതെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധിപ്പിക്കുന്നതിനും അനുമതി നല്‍കും.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർധനവുണ്ടാകും.
ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ, ചേർത്തല താലൂക്കുകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർധന ഉണ്ടാകും. ഇത്തരത്തിൽ 64,040 സീറ്റുകളാവും മാർജിനൽ സീറ്റ് വർധനയിലൂടെ ഉണ്ടാകുക.