ആത്മകഥ അടുത്ത മാസം പുറത്തിറങ്ങുമെന്ന് ഇ.പി. ജയരാജൻ
Wednesday, May 7, 2025 2:08 AM IST
കണ്ണൂർ: ആത്മകഥ അടുത്ത മാസം ആദ്യത്തിൽ പുറത്തിറങ്ങുമെന്നും പ്രസാധകരായ മാതൃഭൂമിക്കു വാക്കുനൽകിയിട്ടുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പിശക് അംഗീകരിച്ചതിനാൽ ഡിസി ബുക്സുമായുള്ള നിയമനടപടി അവസാനിപ്പിച്ചു.
പകരം വീട്ടാൻ നടക്കുന്ന രാഷ്ട്രീയക്കാരനല്ല താൻ. വിവാദത്തിനു പിന്നിൽ ആരാണെന്ന് അറിയാം. പാർട്ടിയിൽനിന്നുള്ളവർ ഉണ്ടോയെന്നെല്ലാം ആത്മകഥയുടെ അടുത്ത പതിപ്പിൽ ഉണ്ടാകുമെന്നും ഇ.പി പറഞ്ഞു.
മുഴപ്പിലങ്ങാട് - ധർമടം സമഗ്രബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണത്തിന്റെ ഉദ്ഘാടനചടങ്ങിൽ കെ.കെ. രാഗേഷ് പങ്കെടുത്തതു സംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പാർട്ടി പ്രതിനിധിക്ക് പങ്കെടുക്കാം എന്നായിരുന്നു ജയരാജന്റെ മറുപടി.
അതിനിയും തുടരുകതന്നെ ചെയ്യും. വിവാദമാക്കേണ്ട കാര്യമില്ല. മുൻകാലങ്ങളിലും ഈ രീതി തുടർന്നിരുന്നു. ഏതു പാർട്ടിയുടെ മുഖ്യമന്ത്രിയാണെങ്കിലും ഒരു ജില്ലയിൽ എത്തുമ്പോൾ അതത് പാർട്ടിയുടെ പ്രതിനിധികൾ ഉണ്ടാകും.
കെ. കരുണാകരൻ, എ.കെ. ആന്റണി എന്നിവർ മുഖ്യമന്ത്രിയായപ്പോൾ ഈ രീതി തുടർന്നിരുന്നു. ബിജെപി കേന്ദ്രമന്ത്രിമാർ ഓരോ സ്ഥലങ്ങൾ സന്ദർശിക്കുന്പോൾ കൂടെ പ്രതിനിധികൾ ഉണ്ടാകും. കോൺഗ്രസും ബിജെപിയും പരസ്പരം സഹകരിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും ഇ.പി. പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് പ്രോട്ടോക്കോൾ അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒരു പാർട്ടിയുടെ മാത്രം സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചതിലുള്ള ഔചിത്യക്കേടാണ്.
കേരളത്തിൽ കൂടുതൽ എംപിമാരുള്ള കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിനെ ക്ഷണിച്ചില്ല. കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികളുണ്ടാകും.കോൺഗ്രസ് രണ്ട് ധ്രുവങ്ങളിലാണ്. അവർ എല്ലാ രംഗങ്ങളിലും ഇടതുപക്ഷത്തെ എതിർക്കുകയാണെന്നും ഇ.പി. പറഞ്ഞു.
വേടൻ നല്ല ഒരു സംഗീതജ്ഞനാണ്. വലിയൊരു ന്യൂ ജനറേഷൻ അയാൾക്ക് പിന്നിലുണ്ട്. ലഹരി ഉപയോഗത്തിൽ തെറ്റു തിരുത്താനും തയാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.