കഞ്ചാവുമായി സിനിമ അസി. ഡയറക്ടര്‍ പിടിയില്‍
Wednesday, May 7, 2025 1:07 AM IST
പയ്യന്നൂര്‍: കഞ്ചാവുമായി പയ്യന്നൂരിലെ സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ എക്സൈസിന്റെ പിടിയില്‍. കണ്ടങ്കാളി റെയില്‍വേ ഗേറ്റിനു സമീപം താമസിക്കുന്ന എന്‍. നദീഷ് നാരായണനാണ് (31) എക്സൈസിന്റെ പിടിയിലായത്.
ഇന്നലെ വൈകുന്നേരം ആറോടെ പയ്യന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തില്‍ കണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
ഇയാള്‍ കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാളില്‍നിന്ന് 115 ഗ്രാം കഞ്ചാവ് പിടികൂടിയ എക്സൈസ് സംഘം എന്‍ഡിപിഎസ് വകുപ്പു പ്രകാരം കേസെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ചിത്രങ്ങളില്‍ അസി.ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.