കറുകച്ചാലില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റില്‍
Wednesday, May 7, 2025 1:07 AM IST
കറുകച്ചാല്‍: ജോലിക്കു പോകുന്നതിനിടെ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആള് അറസ്റ്റില്‍.
പ്രതിയെ ചങ്ങനാശേരി ഡിവൈഎസ്പി കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാഞ്ഞിരപ്പള്ളിയില്‍നിന്നു കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാര്‍ ഇടിപ്പിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും തെളിഞ്ഞു. പ്രതിയുടെ പേരും വിലാസവും പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണനെ (36) യാണ് വാഹനം ഇടിച്ച് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു.
നീതു ഇന്നലെ രാവിലെ ഒമ്പതോടെ വീട്ടില്‍നിന്നു കറുകച്ചാലിലേക്ക് നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടി റോഡിലായിരുന്നു അപകടം. വാഹനമിടിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. തുടര്‍ന്നാണ് ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിന്തുടര്ന്നു പിടികൂടിയത്.
ഇവരുടെ വിവാഹമോചനം സംബന്ധിച്ച കേസ് കോടതിയില്‍ നിലവിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ. സംസ്കാരം പിന്നീട്.