എഡിജിപി കേസ്: അന്വേഷണ ഉദ്യോഗസ്ഥനു കോടതിയുടെ ശകാരം
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ച നടപടിയിൽ വിജിലൻസ് കോടതി ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനെ ശാസിച്ചു.
അന്വേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു എന്ന് വിജിലൻസ് ഉദ്യോഗസ്ഥൻ ഷിബു പാപ്പച്ചൻ കോടതിയെ അറിയിച്ചപ്പോൾ, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ റിപ്പോർട്ട് കോടതിയിലല്ലേ ഹാജരാക്കേണ്ടത് എന്ന് ജഡ്ജി എം.വി. രാജകുമാര ചോദിച്ചു. തുടർന്ന്, കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് 12ന് ഹാജരാക്കാൻ ജഡ്ജി നിർദേശിച്ചു.
അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഗരാജ് എന്ന വ്യക്തി നൽകിയ സ്വകാര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. അജിത് കുമാറിനെതിരേ ഹർജിക്കാരൻ ഉന്നയിച്ചതടക്കമുള്ള വിവിധ ആരോപണങ്ങൾ സർക്കാർ നിർദേശത്തെത്തുടർന്ന് അന്വേഷിക്കുകയാണെന്നും കേസന്വേഷണം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സമയംകൂടി ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ബോധിപ്പിച്ചിരുന്നു. ഇതിൽ തീരുമാനം പറയാനാണ് കോടതി ഇന്നലെ കേസ് പരിഗണിച്ചത്.
അജിത് കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ പരാതി.