സ്കൂളുകളിലെ പ്രവൃത്തിദിനങ്ങൾ: വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പ്രവൃത്തിദിനങ്ങൾ സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെന്ന് വിദ്യാഭ്യാസ വകുപ്പ്.
സ്കൂളുകളിലെ പ്രവൃത്തിദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഈ വർഷം ജനുവരിയിലാണ് സമിതിയെ നിയമിച്ചത്. ഈ സമിതി അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ കൗണ്‍സിലേഴ്സ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചതിനു ശേഷം അടുത്ത അധ്യയന വർഷംതന്നെ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.